ലയ സാന്ദ്രമായ വരികള്‍ കോര്‍ത്തും മൃദുല മോഹന രാഗങ്ങള്‍ അടര്‍ത്തിയും ആല്‍മരം മ്യൂസിക് ബാന്‍ഡ് എന്റെ കേരളത്തിന്റെ ഹൃദയം തൊട്ടു. മേളയുടെ സമാപന ദിവസം എന്റെ കേരളം സാംസ്‌കാരിക വേദിയാണ് കലാസ്വാദകരെ കൊണ്ട് നിറഞ്ഞത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ് ആല്‍മരം എന്ന മ്യൂസിക് ബാന്‍ഡിലൂടെ വയനാട്ടിലെത്തിയത്. ഹോസ്റ്റല്‍ മുറികളില്‍ നിന്നും കൊട്ടിപാടി തുടങ്ങിയ ഈ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ്
ആല്‍മരം എന്ന പേരില്‍ മലയാളക്കരയില്‍ പുതിയ വിലാസമുണ്ടാക്കിയത്. പിന്നീട് ഇവരുടെ ബാന്‍ഡ് വേറിട്ട സംഗീതാവതരണത്തിലൂടെ നാടാകെ പേരെടുത്തു. യുവാക്കള്‍ അണിനിരക്കുന്ന മ്യൂസിക് ബാന്‍ഡില്‍ പതിനൊന്ന് പേരും ഗായകരാണ്. ഇതിനകം ഒട്ടേറെ വേദികള്‍ പിന്നിട്ട ആല്‍മരം ബാന്‍ഡിന് ആരാധകരും ഏറെയാണ്.

എന്റെ കേരളം സാംസ്‌കാരിക സായാഹ്നങ്ങള്‍ ഹൃദ്യമായ കലാപരിപാടികള്‍ കൊണ്ടും ഹൃദ്യമായിരുന്നു.ആദ്യദിവസം ലക്ഷ്മി ജയന്‍ ഇഷാന്‍ദേവ് സംഘം ലേക് ഝാ ഗലാ സംഗീതം പരിപാടികള്‍ അവതരിപ്പിച്ചു. നിറഞ്ഞ സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് കലാസന്ധ്യയില്‍ പങ്കുചേര്‍ന്നത്. രണ്ടാം ദിവസം മാപ്പിള കലകള്‍ കോര്‍ത്തിണക്കിയ രഹ്നയും സംഘവും അണിനിരന്ന സര്‍ഗ്ഗധാരയും മൂന്നാംദിനം അതുല്‍ നെറുകരയും സംഘവും സോള്‍ ഓഫ് ഫോക്ക് എന്ന പേരില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. വന്‍ജനാവലിയാണ് ഈ പരിപാടിക്കായി എന്റെ കേരളം സദസ്സിലെത്തിയത്. കുട്ടികള്‍ക്കായുള്ള കുരുത്തോലക്കളരിയും വേറിട്ട അനുഭവമായിരുന്നു. കൊച്ചിന്‍ കലാഭവന്‍ മെഗാഷോയും സ്‌കോര്‍പിയോണ്‍ അക്രോബാറ്റിക് ഡാന്‍സും ഉണര്‍വ്വ് നാട്ടുത്സവും സദസ്സിനെ കൈയ്യിലെടത്തു. ഗസല്‍ നിലാവ് പരത്തി ഷഹബാസ് അമനും എന്റെ കേരളത്തിനെ ലയ സാന്ദ്രമാക്കി. വയനാടിന്റെ തുടിതാളം നാടന്‍ കലാവതരണവും ശ്രദ്ധേയമായി. എന്റെ കേരളത്തിലെ നിറഞ്ഞ സദസ്സിലായിരുന്നു കലാപരിപാടികളെല്ലാം അരങ്ങേറിയത്. വയനാടിന്റെ വിദൂരങ്ങളില്‍ നിന്നു പോലും ഈ വേദികളിലേക്ക് പ്രതികൂല കാലാവസ്ഥകളെയും മറികടന്ന് ഒഴുകിയെത്തിയിരുന്നു. അവധിക്കാല വിനോദ സഞ്ചാരത്തിന്റെ തിരക്കിട്ട യാത്രകളില്‍ വയനാട്ടിലെത്തിയ ഒട്ടേറെ വിനോദ സഞ്ചാരികളും എന്റെ കേരളത്തിലെ സാംസ്‌കാരിക സായ്ഹാനങ്ങളിലെ അതിഥികളായിരുന്നു.