പതിനൊന്നു മാസമായി മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് തുകയ്ക്കായാണ് നഴ്സിംഗ് വിദ്യാർത്ഥിനി എസ്. ശംഷ കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിന് ബേക്കർ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. വൈകാതെ തന്നെ സ്കോളർഷിപ്പ് തുക ലഭ്യമാക്കാമെന്ന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നൽകിയ ഉറപ്പുമായി സന്തോഷത്തോടെയാണ് ശംഷ മടങ്ങിയത്.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്
ചിറയിൽ വീട്ടിൽ ശംഷ അമ്മ സുനിമോൾക്കൊപ്പമാണ് അദാലത്തിനെത്തിച്ചേർന്നത്. ആന്ധ്ര പ്രദേശിലെ ആശ്രം മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ശംഷ. പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പാണ് മുടങ്ങിയത്.

ഒരാഴ്ച മുൻപ് കോഴ്സ് പൂർത്തിയാക്കിയിട്ടും അവസാന വർഷത്തേക്കുള്ള സ്കോളർഷിപ്പ് ലഭിച്ചില്ല. ആദ്യ മൂന്ന് വർഷങ്ങളിൽ മുടങ്ങാതെ സ്കോളർഷിപ്പ് കിട്ടിയിരുന്നു.
അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് ശംഷയുടെ കുടുംബം. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ സി. ആർ സുഗുണന്റെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം മുന്നോട്ട് പോകുന്നത്. അതിനാൽ ബാങ്ക് വായ്പയെടുത്താണ് കോഴ്സ് പൂർത്തിയാക്കിയത്. സ്കോളർഷിപ്പ് വിതരണ നടപടികൾ വെബ് സൈറ്റിലൂടെ ആക്കിയത് മൂലമുള്ള കാലതാമസമാണ് സ്കോളർഷിപ്പ് വൈകാൻ കാരണമെന്നും സാങ്കേതിക തടസം മാറുന്ന മുറയ്ക്ക് ആദ്യ പരിഗണന നൽകി സ്കോളർഷിപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.