കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടു കൂടാതെ സംരക്ഷിച്ച്, കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ കോള്‍ഡ് സ്റ്റോറേജ് ഉപയോഗിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ അനെര്‍ട്ട് സ്ഥാപിച്ച സൗരോര്‍ജ കോള്‍ഡ് സ്റ്റോറേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ പരിപാലനം നടത്തി കേടുകൂടാതെ ശീതസംഭരണി നിലനിര്‍ത്തണം.

സീസണ്‍ സമയത്തുണ്ടാകുന്ന പച്ചക്കറികള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജിലൂടെ സാധിക്കും. വിലനിലവാരത്തിലെ വ്യതിയാനം സംഭവിക്കുന്ന പക്ഷം കേടുകൂടാതെ സൂക്ഷിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളിലേക്ക് മാറ്റാന്‍ കഴിയണം. സാരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ ഇനത്തില്‍ ലാഭമുണ്ടാകും. നിലവിലെ കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്.

ആദ്യ ഘട്ടത്തില്‍ രണ്ട് ലക്ഷം പമ്പുകള്‍ സോളാറിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുക എന്നത് നിലവില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇതിനുള്ള ശാസ്ത്രീയ പരിഹാരമാണ് സൗരോര്‍ജ ശീതികരണ സംഭരണിയെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേളൂരി സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി ജി കുമാരന്‍, വേള്‍ഡ് മാര്‍ക്കറ്റ് എക്സിക്യുട്ടീവ് അംഗം എന്‍ അജിത് കുമാര്‍, സെക്രട്ടറി റോസ് ലിന്‍ഡ് ആര്‍ എസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തിരുവനന്തപുരം നഗരത്തെ പൂര്‍ണമായും സൗരോര്‍ജ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അനെര്‍ട്ട് നടപ്പിലാക്കുന്ന സോളാര്‍ സിറ്റി പദ്ധതിയുടെ ഭാഗമായാണ് സോളാര്‍ കോള്‍ഡ് സ്റ്റോറേജ് സ്ഥാപിച്ചത്.