പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഗ്രാമങ്ങള്‍ തോറുമുള്ള വിഭവ സമാഹരണത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജില്ലയിലെ പുനരധിവാസ ഫണ്ട് ശേഖരണം വിലയിരുത്താനെത്തിയ മന്ത്രി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജില്ലയുടെ പുനര്‍നിര്‍മാണം കാലതാമസം കൂടാതെ നിറവേറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മഴക്കെടുതിമൂലമുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും.

നിലവില്‍ പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനമെന്ന രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം. പൊതുസമൂഹത്തിന്റെ പിന്തുണയോടെ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന തുകയുടെ വലുപ്പത്തിനുപരി അത് നല്‍കാനുളള മനസ്സാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര ചെറിയ തുകയും ഉദാരമനസ്‌കരില്‍ നിന്നും സ്വീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ വിഭവ സമാഹരണം ജില്ലയില്‍ നടന്നുവരികയാണ്. സെപ്റ്റംബര്‍ 16ന് നിയോജക മണ്ഡല ആസ്ഥാനങ്ങളില്‍ ഫണ്ട് ഏറ്റുവാങ്ങും. രാവിലെ പത്തിന് മാനന്തവാടിയിലും ഉച്ചയ്ക്ക് രണ്ടിന് സുല്‍ത്താന്‍ബത്തേരിയിലും വൈകിട്ട് അഞ്ചിന് കല്‍പ്പറ്റയിലും ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ഫണ്ട് ശേഖരണം നടക്കും.

ദുരിതാശ്വാസ തുകയായ പതിനായിരം രൂപ ഇതുവരെ 6773 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ബാക്കിയുളള 492 കുടുംബങ്ങള്‍ക്ക് അടിയന്തിരമായി നല്‍കും. നിലവില്‍ 15 ക്യാമ്പുകളിലായി 492 പേരാണ് താമസിക്കുന്നത്. മഴക്കെടുതിയില്‍ മരിച്ച എട്ട് കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കി. ഇതുവരെ 47,045 ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. വീടുകളുടെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. യോഗത്തില്‍ പുനരധിവാസം നോഡല്‍ ഓഫിസര്‍ ഡോ. വി. വേണു, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, എ.ഡി.എം കെ. അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.