കേരളത്തിലെ പ്രധാന ചരിത്രാതീത സ്മാരകമായ എടക്കല്‍ ഗുഹ ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. പൈതൃക സ്മാരകമായ എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ക്ക് ശനിയാഴ്ച്ച മുതല്‍ നിയന്ത്രണവിധേയമായി പ്രവേശനം നല്‍കും. ഒന്നാം ഗുഹയിലൂടെയുളള പ്രവേശനം ഒഴിവാക്കി ബദല്‍ പാത വഴി നേരിട്ട് ചരിത്ര ലിഖിതമുളള രണ്ടാം ഗുഹയിലേക്കാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക. തിരക്ക് നിയന്ത്രിക്കാന്‍ ചെറു സംഘങ്ങളായിട്ടാണ് സന്ദര്‍ശകരെ കടത്തിവിടുക. ഒരു ദിവസം 1,920 പേര്‍ക്ക് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കും.
കനത്ത മഴയില്‍ ഒന്നാം ഗുഹയുടെ പ്രവേശന കവാടത്തില്‍ പാറ അടര്‍ന്നു വീണതിനെ തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഒന്നാം ഗുഹയിലൂടെ പ്രവേശനം പൂര്‍ണ്ണമായും ഒഴിവാക്കും. പൈതൃക വിനോദ സഞ്ചാരമേഖലയില്‍ ലോകമെമ്പാടും അറിയപ്പെടുന്ന എടക്കല്‍ ഗുഹയും ഗുഹാചിത്രങ്ങളും ആദിമവാസികളുടെ അടയാളപ്പെടുത്തലുകളാണ്. സംസ്ഥാന പുരാവസ്തു വകുപ്പ് 1984-ല്‍ സംരക്ഷിത സ്മാരകമായ പ്രഖ്യാപിച്ച ഇവിടെ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്.
