വിവേകാനന്ദൻ ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ച നാടിനെ മനുഷ്യാലയമാക്കുന്നതിൽ ശ്രീനാരായണഗുരു വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം നിര്‍മിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരുവിന്റെ പ്രസക്തി ലോകം മനസിലാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി, ഇതിനായി ഗുരു നടത്തിയ പ്രവർത്തനങ്ങൾക്ക് താരതമ്യമില്ലാത്തതാണ്. എല്ലാ സംസ്കാരങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മണ്ണാണ് കൊല്ലത്തിന്റെത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമേ അധിനിവേശ വിരുദ്ധ സമരങ്ങളും കല്ലുമാല സമരം ഉൾപ്പെടയുള്ള നവോഥാന മുന്നേറ്റങ്ങളും നടത്തിയ കൊല്ലത്തിലെ പോരാട്ടങ്ങൾ ഇന്ത്യൻ ചരിത്രരചനയിൽ നിന്നും ഒഴിവാക്കാൻ കഴിയാത്തതാണ്. ഇത്രയേറെ സാംസ്കാരിക ചരിത്രമുള്ള മണ്ണിലാണ് ശ്രീനാരായണഗുരുവിനെ പേരിലുള്ള സാംസ്കാരിക നിലയം പ്രവർത്തനമാരംഭിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സംസ്കാരിക നിലയം ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യമായ നടപടികൾ സാംസ്കാരിക വകുപ്പ് സ്വീകരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 50 കോടി രൂപ ചെലവിൽ സംസ്കാരിക നിലയങ്ങൾ യാഥാർഥ്യമാക്കുമെന്നും ഇന്നലകളുടെ ചരിത്രം പറയുന്ന സാംസ്കാരിക നിലയങ്ങളിൽ നിന്ന് പുതിയ സംഭാവനകൾ പിറവിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ ആദ്യത്തെ സാംസ്കാരിക സമുച്ചയം ഗുരുവിന്റെ പേരിൽ കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മറ്റു ജില്ലകളിലെ സാംസ്കാരിക നിലയങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും സാംസ്കാരിക സ്ഥാപനങ്ങളെയും അക്കാദമികളെയും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സമീപനങ്ങൾ സർക്കാർ നടത്തിവരികയാണെന്നും ഗുരുവിന്റെ ആശയങ്ങൾ കേരളത്തിൽ നടപ്പാക്കുന്ന സന്ദേശവാഹകരായി സാംസ്കാരിക വകുപ്പ് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
സാംസ്കാരിക സമുച്ചയത്തിൽ ജില്ലയിലെ കലാസാമൂഹിക പരിപാടികൾക്ക് സാംസ്കാരിക വകുപ്പിന്റെ കൂടെ മുൻകൈയിൽ വേദിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യാതിഥിയായ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കേരള ചരിത്രത്തിൽ കൊല്ലം ജില്ലയുടെ സ്ഥാനം ഓർമ്മിപ്പിക്കും വിധം ഗുരുവിന്റെ പേരിൽ നഗര ഹൃദയത്തിൽ പ്രവർത്തനമാരംഭിക്കുന്ന ശ്രീനാരായണഗുരു സമുച്ചയം ജില്ലക്ക് അഭിമാനകരമായ നേട്ടമാണെന്നും ആധുനിക സൗകര്യങ്ങളോടെ സജ്ജമായ സമുച്ചയത്തിൽ വരും നാളുകളിൽ കലാസാംസ്കാരിക പ്രവർത്തനങ്ങൾ അരങ്ങേറുമെന്നും മുഖ്യാതിഥിയായ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കര്‍ ഭൂമിയില്‍ 56.91 കോടി രൂപ ചെവിലാണ് സാംസ്‌കാരിക സമുച്ചയം നിർമിച്ചത്. ഒരു ലക്ഷം അടിയോളം വിസ്തീര്‍ണത്തില്‍ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എ വി തീയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തീയറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശില്പ്പശാലകള്‍ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ എന്നിവർ മുഖ്യാതിഥികളായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാൽ, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വിണ്‍, സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടര്‍ എസ് സുബ്രഹ്മണ്യന്‍, സെക്രട്ടറി മിനി ആന്റണി, തദ്ദേശസ്വരണ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.