പ്രതിസന്ധികളിലും മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയര്‍ത്തുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം നീണ്ടകര പോര്‍ട്ട് വാര്‍ഫില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മത്സ്യബന്ധന മേഖലയിലെ കാലാവസ്ഥ വ്യതിയാനം, മത്സ്യസമ്പത്തിന്റെ ശോഷണം തുടങ്ങിയ സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകും. പുതിയ കാലത്തിനൊത്ത് മേഖലയെ പരിവര്‍ത്തിപ്പിക്കും. ഇതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയ യാനങ്ങള്‍ വിതരണം ചെയ്യുന്നത്.

പരമ്പരാഗത യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സുരക്ഷാ, നാവിഗേഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. പരമ്പരാഗത പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരം എഫ് ആര്‍ പി ബോട്ടുകള്‍ നല്‍കും. ഇതില്‍ 400 എണ്ണം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കിയും ഇന്‍സുലേറ്റര്‍ ബോക്‌സ് നല്‍കിയും മത്സ്യഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കും. തൊഴിലാളികള്‍ക്ക് നേട്ടം ഉണ്ടാകുന്നതിന് വിപണന വിതരണ ശൃംഖലയെ നവീകരിക്കും. ന്യായവിലയും വിപണിയില്‍ മത്സ്യത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കും. വിപണി നവീകരണത്തിന്റെ ഭാഗമായി ഫിഷ് മാര്‍ട്, ഓണ്‍ലൈന്‍ മത്സ്യവിപണനം നടപ്പാക്കി വരുന്നു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 51 മത്സ്യമാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കുന്നതിന് 137.81 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ജില്ലയില്‍ നെടുമണ്‍കാവ് ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് അഞ്ച് കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സമുദ്രജല കൂടുകൃഷി കാര്യക്ഷമമാക്കും. പല വിദേശരാജ്യങ്ങളിലും നടപ്പാക്കുന്ന ഈ രീതിയുടെ പ്രചാരണം ശക്തിപ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചേ സര്‍ക്കാര്‍ മുന്നോട്ടു പോകൂ. സമുദ്ര സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായ നോര്‍വേയുടെ സഹകരണത്തോടെ ആധുനിക രീതിയില്‍ മത്സ്യകൂടുകളില്‍ വിപണിമൂല്യം കൂടിയ മത്സ്യങ്ങള്‍ കൃഷി ചെയ്യുന്ന നടപടി സ്വീകരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ആലോചന. നോര്‍വേയിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കും. കാലാനുസൃതമായ മാറ്റത്തിലാണ് ഓരോ മേഖലയുടെ വളര്‍ച്ചയും നിലനില്‍പ്പും. കേരള സ്റ്റേറ്റ് ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ മത്സ്യബന്ധന മേഖലയിലെ നവീകരണത്തിലുള്ള ഇടപെടല്‍ നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേരളത്തിലെ സ്വന്തം സൈന്യമായ മത്സ്യതൊഴിലാളികള്‍ക്കായി സംസ്ഥാനത്തെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച യാനങ്ങള്‍ക്ക് ‘മെയ്ഡ് ഇന്‍ കേരള’ വിശേഷണം അനുയോജ്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പ്രളയകാലത്ത് തന്റെ ഉപജീവനമാര്‍ഗമായ ആടുകളെ വിറ്റ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ സുബൈദ മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബോട്ട് നല്‍കുന്ന വിവിധ സംഘങ്ങള്‍ക്കുള്ള രേഖകളും ചടങ്ങില്‍ വിതരണം ചെയ്തു.

കേന്ദ്ര ഫിഷറീസ്, മൃഗപരിപാലന വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല മുഖ്യാതിഥിയായി. മത്സ്യത്തൊഴിലാളി മേഖലയുടെ പുരോഗതിക്കായി പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ പുതിയ ബോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കിയത് നവമാറ്റങ്ങള്‍ സൃഷ്ടിക്കും. മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. മത്സ്യസംസ്‌കരണം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ തുടര്‍ന്നും ബൃഹത് ആവിഷ്‌കരിക്കുമെന്ന് അധ്യക്ഷനായ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മത്സ്യബന്ധന മേഖലയില്‍ പുതുയുഗമാണ് ആധുനിക ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണത്തിലൂടെ ഉണ്ടായതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന കര്‍മപരിപാടിയുടെ ഭാഗമാണിത്. ബാക്കി അഞ്ചു ബോട്ടുക്കള്‍ക്ക് പുറമേയുള്ള 10 ബോട്ടുകള്‍ കൂടി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

ക്ഷീരവികസന – മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, കേന്ദ്ര ഫിഷറീസ് സെക്രട്ടറി ജെ ബാലാജി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഡയറക്ടര്‍ അദീലാ അബ്ദുള്ള, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് എം ഡി സഞ്ജയ് എം കൗള്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബിജോയ് ഭാസ്‌കര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതി

സംസ്ഥാനത്തെ തീരദേശ ശൃംഖലയുടെ ഉന്നമനത്തിനായി പി എം എം എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്നത്. സുരക്ഷിതമല്ലാത്ത മത്സ്യബന്ധനയാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വിവിധ ഘട്ടങ്ങളിലായി സുരക്ഷിതവും സുസ്ഥിരവുമായ യന്ത്രവത്കൃത മത്സ്യബന്ധനരീതിയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ലക്ഷ്യം.

പി എം എം എസ് വൈ മാര്‍ഗനിര്‍ദ്ദേശ പ്രകാരം യൂണിറ്റ് ചെലവ് 120 ലക്ഷം രൂപയാണ്. അതില്‍ 40% സര്‍ക്കാര്‍ സബ്സിഡിയും (24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും) 60% ഗുണഭോക്തൃവിഹിതവുമാണ്. എന്നാല്‍ ഗുണഭോക്തൃ ഗ്രൂപ്പുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ച് വര്‍ധിച്ച മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങള്‍, എഞ്ചിന്‍ ശേഷി തുടങ്ങിയ അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് രൂപകല്‍പന ചെയ്ത ഒരു യാനത്തിന്റെ വില 157 ലക്ഷം രൂപയായി ഉയര്‍ന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണഭോക്തൃവിഹിതം വഹിക്കാന്‍ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേല്‍പ്പറഞ്ഞ സബ്സിഡി കൂടാതെ ഓരോ യൂണിറ്റിനും സംസ്ഥാന സര്‍ക്കാര്‍ 30.06 ലക്ഷം (ഗുണഭോക്തൃവിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സി എം ഇ ഡി പി) യിലൂടെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി 5% പലിശ നിരക്കില്‍ വായ്പയായുമാണ് അനുവദിച്ചത്.

മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അഞ്ച് ഗ്രൂപ്പുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആഴക്കടല്‍ യാനങ്ങള്‍ നല്‍കുന്നത്. രണ്ട് ഗ്രൂപ്പുകളെയാണ് കൊല്ലം ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്തിട്ടുളളത്. പീറ്റര്‍ ആന്റണി ഗ്രൂപ്പ് ലീഡറായ ഫിഷര്‍മെന്‍ ഡെവലപ്പ്മെന്റ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, നീണ്ടകര ഉള്‍പ്പെടുന്ന സെന്റ് സെബാസ്റ്റ്യന്‍ എന്ന യാനവും ഇഗ്നേഷ്യസ് ഗ്രൂപ്പ് ലീഡറായ ജോനകപ്പുറം മൂതാക്കര മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം, മുതാക്കര ഉള്‍പ്പെടുന്ന സെന്റ് ആന്റണി എന്ന യാനവുമാണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്ന് ചിറയിന്‍കീഴ് മുതലപ്പൊഴി സംഘത്തിലെ താഴംപ്പള്ളി ഗ്രൂപ്പ്, മലപ്പുറം ജില്ലയില്‍ നിന്ന് താനൂര്‍ ടൗണ്‍ തീരദേശ സംഘ ത്തിലെ ഒരു ഗ്രൂപ്, അവര്‍ കടപ്പുറം- ചീരാന്‍ കടപ്പുറം സംഘത്തിലെ ഒരു ഗ്രൂപ്പും ഉള്‍പ്പെടുന്നു.