ആലപ്പുഴ: പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വിതരണം വേഗത്തിൽ നടക്കുകയാണ്. ജില്ലയിലെ 1,08,896 ദുരിത ബാധിതരായ കുടുംബങ്ങൾക്കാണ് ഇതുവരെ നഷ്ടപരിഹാരതുക വിതരണം ചെയ്തത്. 122058 കുടുംബങ്ങളാണ് ദുരിതാശ്വാസ സഹായധനത്തിന് അർഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ മുഴുവനാളുകളുടെയും വിവരശേഖരണം പൂർത്തിയായിട്ടുണ്ട്. ഇതിൽ 121848 കുടംബങ്ങളുടെ വിവരം ക്മ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ 108896 കുടുംബങ്ങൾക്ക് തുക അനുവദിക്കാൻ കഴിഞ്ഞു. ബാക്കിയുള്ളവയുടെ പട്ടിക കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്ന മുറയ്ക്ക് തുക വിതരണവും നടത്തും. കാർത്തികപ്പള്ളി താലൂക്കിലെ അർഹരായ 18076 കുടുംബങ്ങൾക്കും അമ്പലപ്പുഴ താലൂക്കിൽ 9563 കുടുംബങ്ങൾക്കും ഇതിനകം സഹായധന വിതരണം പൂർത്തിയാക്കി.
പ്രളയം ഏറെ ബാധിച്ച ചെങ്ങന്നൂരിൽ ഇതുവരെ 27,156 കുടുംബങ്ങളാണ് അർഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഡാറ്റ എൻ്ട്രി പൂർത്തിയായ 26946 കുടുംബങ്ങളിൽ 25194 കുടുംബങ്ങളിലും സഹായമെത്തി. പ്രളയത്തിൽ മുങ്ങിയ കുട്ടനാട് താലൂക്കിൽ ഇതുവരെ അർഹരായി കണ്ടെത്തിയ 51076 കുടുംബങ്ങളിൽ 40158 കുടുംബങ്ങൾക്ക് സഹായധനമെത്തിച്ചു. ചേർത്തല താലൂക്കിൽ 8164 കുടുംബങ്ങളിൽ 8007 കുടുംബത്തിനും മാവേലിക്കര താലൂക്കിലെ 8023 കുടുംബങ്ങളിൽ 7898 കുടുംബങ്ങൾക്കും സഹായധനം നൽകിയിട്ടുണ്ട്. ജില്ലയിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഇതുവരെ 1,55,859 ദുരിതാശ്വാസ കിറ്റുകളും സർക്കാർ സൗജന്യമായി നൽകിക്കഴിഞ്ഞു.
ധനസമാഹരണം സെപ്റ്റംബർ 16ന് അമ്പലപ്പുഴയിൽ
ആലപ്പുഴ:മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ധനസമാഹരണ യജ്ഞം സെപ്റ്റംബർ 16ന് അമ്പലപ്പുഴ മണ്ഡലത്തിൽ നടക്കും. രാവിലെ 10ന് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഗവൺമെന്റ് എച്ച്.എസ്.എസിലും വൈകീട്ട് നാലിന് ആലപ്പുഴ ഗവ. ജി.എച്ച്.എസ്.എസിലുമാണ് നിധിസമാഹരണം. ജില്ലയിലെ ധനസമാഹരണച്ചുമതലയുള്ള മന്ത്രി ജി.സുധാകരനും പി.തിലോത്തമനും പങ്കെടുക്കും. എം.പിമാർ, എം.എൽ.എമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും. സെപ്തംബർ 17ന് രാവിലെ ഹരിപ്പാടും ഉച്ചയ്ക്കുശേഷം ആലപ്പുഴയിലുമാണ് ധനസമാഹരണയജ്ഞം.