ആലപ്പുഴ: ഭൂരഹിതരായ ഭവനരഹിതർക്ക് തങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാൽകാരത്തിലേക്ക്. ലൈഫ് ഭവന പദ്ധതിയിൽ വീടില്ലാത്ത ഭവനരഹിതർക്ക് ഭവനസമുച്ചയം നിർമ്മിച്ചു നൽകുന്നതിനായി ആലപ്പുഴ നഗരസഭ ചാത്തനാട് മുൻസിപ്പൽ കോളനിയിൽ വിട്ടുനൽകിയ ഭൂമിയിലെ ലൈഫ്മിഷന്റെ സ്ഥല പരിശോധന 18ന് നടക്കും. ലൈഫ് മിഷൻ പ്രോഗ്രാം മാനേജർ അജിതയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10.30നാണ് ഭവന സമുച്ചയനിർമ്മാണത്തിന് സ്ഥലസന്ദർശനം നടത്തും. സംസ്ഥാന മിഷനിലെ ഉദ്യോഗസ്ഥയെ കൂടാതെ ജില്ല മിഷൻ കോ-ഓഡിനേറ്റർ, റവന്യൂ ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ (എൽ.എസ്.ജി.ഡി) പി.എം.സി പ്രതിനിധികളാണ് സ്ഥല പരിശോധനയ്ക്കെത്തുക.
ആലപ്പുഴ നഗരസഭ പരിധിയിൽ മാത്രം 3800 ഭൂമിയില്ലാത്ത ഭവനരഹിതരാണുള്ളത്. പ്രളയത്തിന് മുമ്പുള്ള കണക്കനുസരിച്ച് ജില്ലയിലെ ഭൂമിയില്ലാത്ത ഭവനരഹിതർ 19,000. മൂന്നുനിലകളുള്ള ഫ്ളാറ്റാകും ചാത്തനാട് മുൻസിപ്പൽ കോളനിയിൽ നിർമ്മിക്കുകയെന്ന് ലൈഫ് മിഷൻ കോ-ഓഡിനേറ്ററർ പി.പി. ഉദയസിംഹൻ പറഞ്ഞു. 48 കുടുംബങ്ങൾക്കെങ്കിലും താമസിക്കുന്നവിധത്തിലാവും നിർമ്മാണം.ഒരു ഫ്ളാറ്റിന് 10ലക്ഷം രൂപയാണ് മുടക്ക്. ബെഡ്റൂം, അടുക്കള, ലിവിങ് റൂം എന്നിവയടങ്ങിയതാവും ഫ്ളാറ്റ്. കുട്ടികൾക്കായി അങ്കണവാടി, കളിസ്ഥലം എന്നിവയും കുടിവെള്ള കണക്ഷൻ സൗകര്യം, തൊഴിൽ സംരംഭങ്ങൾ എന്നിവയും ഭവനസമുച്ചയത്തിന് അനുബന്ധമായി ഉണ്ടാകുമെന്ന് പി.പി. ഉദയസിംഹൻ പറഞ്ഞു.