കേരള സർക്കാർ ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള 2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ നിയന്ത്രണത്തിലായതിനാൽ ആധികാരികതയും വിശ്വാസ്യതയും നിലനിർത്താൻ സാധിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളും കേരളത്തിന്റെ ഭാഗ്യക്കുറി സമാനരീതിയിൽ പിന്തുടരുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേർക്ക് ഉപജീവന മാർഗമൊരുക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. പ്രതിവർഷം 7000 കോടി രൂപ സമ്മാന ഇനത്തിൽ നൽകുന്നുണ്ട്. വലിയ തുക ഏജന്റുമാരുടെ കമ്മിഷൻ ഇനത്തിലും നൽകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ലോട്ടറി അനുബന്ധ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു, ക്ഷേമനിധി അംഗങ്ങളുടെ മക്കളായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ് നൽകുന്നതും ഇതിന്റെ ഭാഗമാണ്, മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് വേദിയിൽ സ്‌കോളർഷിപ് വിതരണം ചെയ്തു.
വി.കെ പ്രശാന്ത് എം.എൽ.എ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എബ്രഹാം റെൻ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ, സംഘടന ഭാരവാഹികളായ എ.അജ്മൽ ഖാൻ, യൂസഫ് എം.എസ്, വട്ടിയൂർക്കാവ് സനൽകുമാർ, എസ്.ശ്രീകുമാർ, ചന്ദ്രബാബു, ഡോ. പുരുഷോത്തമഭാരതി തുടങ്ങിയവർ പ്രസംഗിച്ചു.