പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂന്നുദിനങ്ങളിലായി നടന്നുവന്നിരുന്ന വികസനോത്സവത്തിന് തിരശ്ശീല വീണു. വിദ്യാർഥികളുടെ മാനസീകവും ശാരീരികവും വൈജ്ഞാനികവുമായ വികാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

മോട്ടിവേഷൻ, പ്രഥമ ശുശ്രൂഷ, ലഹരി വിമുക്തി, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസ്സുകളാണ് ആദ്യദിനം നടന്നത്. തുടർന്ന് കലാ-കായിക പരിപാടികൾ, പാലിയേറ്റീവ് രോഗി സന്ദർശനം, പീച്ചി ഡാമിലേക്ക് ഉല്ലാസയാത്ര എന്നിവയും നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മെയ് 4, 5, 6 തീയതികളിലായാണ് വികസനോത്സവം നടന്നത്.

വികസനോത്സവത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ടെസ്സി ഫ്രാൻസിസ് അധ്യക്ഷയായി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത പി ജോയ് , പട്ടികജാതി വികസന ഓഫീസർ സീന എ പി, ബ്ലോക്ക് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് പി ആർ തുടങ്ങിയവർ പങ്കെടുത്തു.