മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
പൊതുസമൂഹത്തിൽ ഇടപെടാനും തൊഴിൽ മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും സാമ്പത്തിക ഭദ്രതകൈവരിക്കാനും സ്ത്രീകൾക്ക് കഴിയുമെന്ന് തെളിയിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ അരങ്ങ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാനസികോസത്തിന്റെ സമ്മോഹന മുഹൂർത്തങ്ങളാണ് അരങ്ങ് 2023 സമ്മാനിക്കുന്നത്. ഉല്ലാസത്തിനോടൊപ്പം തൊഴിൽ മേഖലയിലും സന്തോഷം കണ്ടെത്താൻ കഴിയണം. സ്ത്രീകൾക്കും തന്റേതായ ഇടം സമൂഹത്തിൽ ഉണ്ടെന്ന് തെളിയിച്ച പ്രസ്ഥാനം ആണ് കുടുംബശ്രീ. തന്റെ കഴിവുകൾ സമൂഹത്തിന് മുമ്പിൽ കൊണ്ടുവരാനും സന്തോഷനിമിഷങ്ങൾ നേടിയെടുക്കാനും സ്ത്രീശക്തീകരണവും പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കുടുംബശ്രീയിലൂടെ സ്ത്രീകൾക്ക് സാധിക്കും. യാതനാപൂർണമായ ജീവിതത്തിൽ നിന്ന് സ്ത്രീകൾക്ക് അവരുടെ കർമശേഷി വർധിപ്പിക്കാനുതകുന്ന ജോലികൾ ചെയ്ത് സമൂഹത്തിൽ അംഗീകാരം കിട്ടുന്ന സ്ത്രീസമൂഹം വാർത്തെടുക്കാനും കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ കൈകാര്യം ചെയ്യാത്ത വ്യത്യസ്തമായ തൊഴിൽ മേഖലയിലേക്ക് സ്ത്രീകൾ കടന്നുചെല്ലണമെന്നും മന്ത്രി പറഞ്ഞു.
വാർഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം സിഡിഎസ് തലത്തിൽ നടന്ന കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരുടെ കലാപരിപാടികൾ അരങ്ങേറി.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റില്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ പങ്കെടുത്തു. സുനിത രവി, പി ബി പുഷ്പലത, ലതാ ചന്ദ്രൻ, രതി ഗോപി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാർ, വാർഡ് മെമ്പർമാർ, സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.