ശരീരം തളര്‍ന്ന് ഇലക്ട്രോണിക് വീല്‍ ചെയറില്‍ ഇരിപ്പാണെങ്കിലും ബിപിഎല്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് കാഞ്ഞിരങ്ങാട് ചെനയന്നൂരിലെ കെ സി മുസ്തഫ. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് പ്രത്യേക പരിഗണന നല്‍കി മുസ്തഫക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കിയത്.

13 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന മുസ്തഫ നാട്ടിലെത്തി പന്തല്‍ പണികള്‍ ചെയ്തിരുന്ന സമയത്താണ് നാഡീ സംബന്ധമായ രോഗങ്ങളാല്‍ ശരീരം തളര്‍ന്നു പോയത്. മൂന്ന് വര്‍ഷത്തിലധികമായി വീല്‍ ചെയറിലാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത ഇദ്ദേഹത്തിന് നാട്ടുകാരും കുടുംബങ്ങളും ഒത്തൊരുമിച്ചാണ് വീടു പണിതു നല്‍കിയത്. എന്നാല്‍ വീടിന്റെ അളവ് 1100 ചതുരശ്ര അടിയായതിനാല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ മാനദണ്ഡങ്ങളില്‍ പരിഗണിക്കപ്പെടാതെ പോയി. ഭാരിച്ച ചികിത്സാ ചെലവുകള്‍ ഈ കുടുംബത്തിന് താങ്ങാനാവാതെ വന്നതോടെയാണ് സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലില്‍ മുന്‍ഗണന കാര്‍ഡ് അനുവദിച്ചത്. കാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുസ്തഫ പറഞ്ഞു. ഭാര്യ ഖൈറുന്നീസയും, മക്കളായ മുഹമ്മദ്, റിയ ഫാത്തിമ, ഹിസാന എന്നിവരുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
ഇതിനു പുറമെ രോഗബാധിതരായ കെ നളിനി, എം ഇന്ദിര, പി യശോദ, കരിയില്‍ ദേവകി, ബി നിര്‍മല, പി പി ലതിക, കെ കുഞ്ഞിരാമന്‍, സി വി ഉമൈബ, മേരി സോണി, അയനത്ത് രാജന്‍, അബ്ദുള്‍ സമീര്‍, സി കെ സക്കീന, ട്രീസ, പി ദേവി, സജിത എന്നീ 15 പേര്‍ക്കും മുന്‍ഗണന കാര്‍ഡുകള്‍ അദാലത്തിലൂടെ ലഭിച്ചു.