പൊതുജനങ്ങളുടെ പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാക്കി പരാതി രഹിത സമൂഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ തളിപ്പറമ്പ് താലൂക്ക്തല പരാതി പരിഹാര അദാലത്ത് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തില്‍ എത്തുന്നവയില്‍ അമ്പത് ശതമാനം പരാതികളും വീട്ടുകാര്‍ തമ്മിലുള്ള വഴി തര്‍ക്കം പോലെ പ്രാദേശികമായി തീര്‍ക്കാവുന്നവയാണ്. നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് പ്രശ്‌നം ഉണ്ടാവില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ പകുതി പരാതികള്‍ പരിഹരിക്കാം. ഉദ്യോഗസ്ഥരുടെ മുന്നില്‍ എത്തുന്ന പരാതികള്‍ പരിഹരിക്കാതെ നീണ്ടുപോവുന്നത് ശരിയല്ല. പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണാന്‍ ശ്രമിച്ച് ഉദ്യോഗസ്ഥര്‍ ഇനിയും കൂടുതല്‍ മാറണമെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയായി. എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, എഡിഎം കെ കെ ദിവാകരന്‍, ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ഡിഒ ഇ പി മേഴ്സി, തളിപ്പറമ്പ് തഹസില്‍ദാര്‍ പി സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.
പയ്യന്നൂര്‍ താലൂക്ക് തല അദാലത്ത് മെയ് എട്ട് തിങ്കളാഴ്ച പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍ നടക്കും.