500 വീട്ടുമുറ്റസദസ്സുകൾ സംഘടിപ്പിക്കും

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർത്ത സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.

ഇതിൻ്റെ ഭാഗമായി 500 വീട്ടുമുറ്റസദസ്സുകൾ ചേരുന്നതിനും പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ സംഘടനകൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സ്ഥാപന മേധാവികൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ ചേർന്ന യോഗത്തിൽ തീരുമാനമായി.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിനും തീരുമാനങ്ങൾ പഞ്ചായത്തിൽ അറിയിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ യഥാസമയം അധികൃതരെ അറിയിക്കുന്നതിനും പൊതുബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും വ്യാപകമായ പ്രചരണവും ഇക്കാര്യത്തിൽ നടത്തും.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീപത്മാകരൻ അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി കെ.എ.മുകുന്ദൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം.ബഷീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ ടി സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ, കുടുംബശ്രീ ചെയർപേഴ്സൺ കർണ്ണകി രാഘവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.