ജില്ലയില്‍ ലൈഫ്, പി എം എ വൈ പദ്ധതികള്‍ പ്രകാരം പൂര്‍ത്തിയാക്കിയത് 627 വീടുകളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനത്തിന്റെ ജില്ലാതല ഉദ്ഘാടനം മഠത്തുംചാല്‍ നടയ്ക്കല്‍ കോളനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എട്ടു ബ്ലോക്കുകളിലായി 488 ലൈഫ് ഭവനങ്ങളും, 139 പി എം എ വൈ ഭവനങ്ങളും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. സങ്കീര്‍ണമായ പ്രശ്‌നങ്ങളാല്‍ ഭവനം ലഭിക്കാത്തവരേയും ചേര്‍ത്തു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
80 ലക്ഷം രൂപ കൊറ്റനാട് ആശുപത്രിക്കായി അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം വീട് നല്‍കുന്നതിനുള്ള കഠിന ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം എല്‍ എ പറഞ്ഞു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വല്ലോര്‍പുളിക്കല്‍ ജി.ജയശ്രീ , അമ്മ ടി.കെ.രാജമ്മ എന്നിവര്‍ക്ക് മന്ത്രി താക്കോല്‍ കൈമാറി.
അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.പ്രകാശ് കുമാര്‍ ചരളേല്‍, ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയറാണി, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.