മുൻനിര ഫുട്ബോൾ ക്ലബ്ബുകളെ അനുസ്‌മരിപ്പിച്ച് ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും കളത്തിലിറങ്ങിയത് കാണികൾക്ക് വേറിട്ട അനുഭവമായി. ബൂട്ടും ജേഴ്സിയുമണിഞ്ഞ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് കളത്തിൽ ഇറങ്ങിയതോടെ സൗഹൃദ ഫുട്ബോൾ മത്സരം ആവേശ കൊടുമുടിയിൽ എത്തി.

മന്ത്രി പി.എ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ പിങ്ക് ജഴ്‌സിയിൽ തിളങ്ങി ജനപ്രതിനിധികളുടെ ടീമും മഞ്ഞ ജഴ്‌സിയണിഞ്ഞ് കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകരുടെ ടീമും ഒരു മണിക്കൂറോളം പൊരുതിക്കളിച്ചു.

മത്സരത്തിൽ മാധ്യമപ്രവർത്തകർ എതിരില്ലാത്ത നാല് ഗോളുകൾക്ക് ജയിച്ചു. ടീമിനു വേണ്ടി ഹാറൂൺ, വിപിൻ, വിധുരാജ് എന്നിവർ ഒരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും രണ്ടാം പകുതിയിൽ ഇരുടീമുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ടീമംഗങ്ങൾക്ക് പന്ത് പാസ് ചെയ്‌ത്‌ കൊടുത്തും എതിർ ടീമിന് പന്ത് നല്‍കാന്‍ വിസമ്മതിച്ചും താരങ്ങള്‍ ആവേശം വാനോളമുയർത്തി.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 12 മുതൽ 18 വരെ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥമാണ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.