തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്മാർട്ട് കൃഷിഭവൻ 2021 22 പദ്ധതിയിൽ ഉൾപ്പെടുത്തി 19 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് കൃഷിഭവൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. മണ്ണ് പരിശോധന സൗകര്യം,മണ്ണിന്റെ പി.എച്ച്, തുടങ്ങിയവയുടെ പരിശോധന , ഫ്രണ്ട് ഓഫീസ് സൗകര്യം, കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യ കണ്ടുമനസ്സിലാക്കാനുളള സ്മാർട്ട് ടി.വി, ഡിജിറ്റൽ കിയോസ്ക് സൗകര്യം, പരിശീലനത്തിനായുള്ള ഹൈടെക് ട്രയിനിങ്ങ് സെൻറർ , രോഗ കീടനിയന്ത്രണം സാങ്കേതികമായി വിലയിരുത്തി കൃഷിഭവനിൽ നിന്ന് തന്നെയുള്ള മരുന്ന് വിതരണ സംവിധാനം , വിവിധ പദ്ധതികൾ, മഴയുടെ തോത് എന്നിവയെക്കുറിച്ചുള്ള ഡിജിറ്റൽ സന്ദേശം നൽകാനായി തയാറാക്കിയ ഡിജിറ്റൽ ഡിസ്പ്ലേ യൂണിറ്റ്, കാർഷിക അനുബന്ധ മാസികകൾ, തുടങ്ങിയ സൗകര്യങ്ങൾ സ്മാർട്ട് കൃഷിഭവൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ പ്രതീക്ഷ കൃഷിക്കൂട്ടത്തിന്റെ കൃഷി ഉത്പന്നങ്ങൾ മന്ത്രിക്ക് നൽകി. മന്ത്രിയെ നെൽ കർഷകൻ ഷെല്ലി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തൊണ്ടാർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ, വൈസ് പ്രസിഡണ്ട് എ.കെ ശങ്കരൻ മാസ്റ്റർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജി വർഗീസ് , കൃഷി ഓഫീസർ പി.കെ മുഹമ്മദ് ഷെഫീഖ്,ഇ.ജെ ബാബു തുടങ്ങിയവർ സംസാരിച്ചു.ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.