എൻ്റെ കേരളം പ്രധാന വേദിയിൽ നടന്ന കാർഷിക സെമിനാർ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലകളുടെ ഉന്നമനത്തിനായി എന്നും എപ്പോഴും അശ്രാന്ത ശ്രമം നടത്തുന്ന സർക്കാർ ആണിതെന്ന് പി ബാലചന്ദ്രൻ പറഞ്ഞു. കാർഷിക വികസനം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകൾ ക്ലാസ്സുകൾ നയിച്ചു.
നൂതനവും ശാസ്ത്രീവുമായ കൃഷിരീതികൾ, കാർഷിക മേഖലയിലെ സാങ്കേതിക വിദ്യകളുടെ ഉപയോഗം, മൃഗസംരക്ഷണ മേഖലയിലെ നൂതന കണ്ടെത്തലുകൾ, മറികടക്കേണ്ട വെല്ലുവിളികൾ, പാൽ ഉത്പന്നങ്ങളിലെ സംരംഭക സാധ്യതകൾ, കുറഞ്ഞ അളവിൽ നിന്ന് കൂടുതൽ മത്സ്യകൃഷി എന്ന ആശയം, അക്വാപോണിക്സ് മത്സ്യകൃഷി എന്നിങ്ങനെ നിരവധി വിഷയങ്ങൾ സംബന്ധിച്ച് ക്ലാസുകളും ചർച്ചകളും നടന്നു. സമസ്ത കാർഷിക മേഖലകളിലും ഉള്ള സംരംഭക സാധ്യതകളും അഗ്രി ബിസിനസായി കാർഷിക മേഖലയെ ഉയർത്തുന്നത് സംബന്ധിച്ചും സെമിനാറിൽ ചർച്ച ചെയ്തു . വിവിധ കർഷകരുടെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു.
കാർഷിക സർവകലാശാല ഡയറക്ടർ എക്സ്റ്റൻഷൻ പ്രൊഫ. ഡോ. ശ്രീവത്സൻ ജെ മേനോൻ മോഡറേറ്റർ ആയി. കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ ഡോ. സുമ നായർ, ലൈവ്സ്റ്റോക്ക് റിസേർച്ച് സ്റ്റേഷൻ ഡോ. എ പ്രസാദ്, ഡയറി മൈക്രോബയോളജി ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻ്റ് പ്രൊഫ. രാജേഷ് ആർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം എം ജിബിന എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.

നാളെ (മെയ് 11) മാലിന്യമുക്ത തൃശൂർ – വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. തദ്ദേശ സ്വയംഭരണവകുപ്പ് ശുചിത്വമിഷൻ നേതൃത്വം നൽകുന്ന സെമിനാർ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ ടി ബാലഭാസ്കരൻ അവതരണം നടത്തും. രാവിലെ 10 മുതൽ 1മണി വരെയാണ് സെമിനാർ നടക്കുന്നത്.