ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ബ്രൂസല്ലോസിസ് നിയന്ത്രണ പരിപാടിയുടെ ഒന്നാം ഘട്ട ജില്ലാതല ഉദ്ഘാടനം മെയ് 15ന് രാവിലെ 10 മണിക്ക് നടക്കും. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.
മൃഗസംരക്ഷണ മേഖലയിലുള്ളവര്‍, അറവുശാലയിലെ ജീവനക്കാര്‍ മൃഗങ്ങളുടെ തുകല്‍ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ബ്രൂസെല്ലോസിസ് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നാല് മുതല്‍ എട്ട് മാസം പ്രായമായ പശുകുട്ടികളിലും എരുമക്കുട്ടികളിലും പ്രതിരോധ കുത്തിവയ്പ് നടപ്പാക്കുന്നത്.
ബ്രൂസെല്ലോ അബോര്‍ട്ടസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായതിനാല്‍ മനുഷ്യന്റെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും. രോഗബാധിതരായ മനുഷ്യരില്‍ വന്ധ്യത അബോര്‍ഷന്‍, പനി, ശരീരവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, ബലഹീനത തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.
മൃഗങ്ങളില്‍ ബ്രൂസെല്ലോസിസ് രോഗത്തിന് ചികിത്സ ഇല്ലാത്തതിനാല്‍ വാക്‌സിനേഷന്‍ വഴി മാത്രമേ രോഗം നിയന്ത്രിക്കാന്‍ കഴിയൂ. 4 മാസം മുതല്‍ 8 മാസം പ്രായമായ പശുകുട്ടികളിലും എരുമക്കുട്ടികളിലും ഒരു പ്രാവശ്യം വാക്‌സിന്‍ നല്‍കുന്നതിലൂടെ ജീവിതകാലം മുഴുവനും രോഗ നിയന്ത്രണം കൈവരിക്കാനാകും. മെയ് 15 മുതല്‍ 19 വരെ അഞ്ച് പ്രവൃത്തി ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിയാണ് കുത്തിവയ്പ്പ് നടത്തുന്നത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള കമ്മറ്റിയാണ് പദ്ധതിയുടെ ജില്ലാതല മേല്‍നോട്ടം വഹിക്കുക.