ജില്ലാപഞ്ചായത്തിനു കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്പുകള്‍ നല്കി
ജില്ലാപഞ്ചായത്തിനു കീഴിലുള്ള വിദ്യാലയങ്ങള്‍ മാതൃകാ ഹരിത ക്യാമ്പസുകളാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്
പി പി ദിവ്യ പറഞ്ഞു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, പിടിഎ പ്രസിഡന്‌റുമാര്‍ എന്നിവര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സ്‌കൂള്‍ ക്യാമ്പസുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കര്‍ശനമായി നിരോധിക്കണമെന്നും ജൈവ,അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കണമെന്നും പ്രസിഡന്‌റ് പറഞ്ഞു. പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഇതിനായി പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താം. സ്‌കൂളുകളില്‍ ഡിസ്പോസിബിള്‍ ഗ്ലാസ്സുകള്‍, പാത്രങ്ങള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാനും നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കും മുമ്പേ വികസനസമിതികള്‍ ചേരണം. ജൂണില്‍ സ്‌കൂളുകളില്‍ പരിശോധന നടത്തും. സ്റ്റോക്ക് രജിസ്റ്ററുകള്‍ കൃത്യമായിരിക്കണം. ഈ അധ്യയന വര്‍ഷത്തോടെ ജില്ലാപഞ്ചായത്തിന്റെ എല്ലാ സ്‌കൂളുകളും സോളാര്‍ സംവിധാനത്തിലേക്ക് മാറുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പറഞ്ഞു.
സ്‌കൂഫേകള്‍ എല്ലാ സ്‌കൂളുകളിലും വ്യാപിപ്പിക്കും. കുടുംബശ്രീയുടെ സഹായത്തോടെ 20 രൂപയുടെ ഊണ്‍ നല്‍കാനുള്ള നടപടികളും ആരംഭിക്കും. ജില്ലാപഞ്ചായത്തിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ക്കൂടി ഈ വര്‍ഷം ടോയ്ലറ്റ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും അവര്‍ പറഞ്ഞു.ജില്ലാപഞ്ചായത്തിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനവും പി.പി ദിവ്യ നിര്‍വഹിച്ചു.
ആര്‍ഡിഡി കെ എച്ച് സാജന്‍, ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ് എന്നിവര്‍ ഏറ്റുവാങ്ങി. 90 ലക്ഷം രൂപ ചെലവിലാണ് 72 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് 256 ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്.ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‌റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.കെ. രത്നകുമാരി, അഡ്വ.ടി സരള, യു.പി ശോഭ, ആര്‍ഡിഡി കെ. എച്ച്. സാജന്‍, ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഇ സി വിനോദ്, ഹയര്‍സെക്കണ്ടറി അസി. കോ-ഓഡിനേറ്റര്‍ ഡോ. കെ വി ദീപേഷ്, കണ്ണൂര്‍ ഡി ഇ ഓ ഇന്‍ ചാര്‍ജ് വി.വി. സതി, കെ.കെ. ജിഗീഷു, തലശ്ശേരി ഡി ഇ ഒ എന്‍ എ ചന്ദ്രിക, ജില്ലാപഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.