പുനര്‍ നിര്‍മ്മിച്ച മൂന്നാം പാലത്തിന്റെയും പൂര്‍ത്തിയായ മൂന്നുപെരിയ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനം മെയ് 13ന് ഉച്ചക്ക് 2.30ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.  ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷത വഹിക്കും.

ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ 2.30 കോടി രൂപ ചെലവിലാണ് പാലം പുനര്‍ നിര്‍മ്മിച്ചത്. പാലത്തിന് 11.90 മീറ്റര്‍ നീളവും ഇരു ഭാഗങ്ങളിലും 1.50 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുമുണ്ട്. അടിത്തറക്ക് പൈല്‍ ഫൗണ്ടേഷനാണ് നല്‍കിയത്. കൂത്തുപറമ്പ് ഭാഗത്ത് 60 മീറ്റര്‍ നീളത്തിലും കണ്ണൂര്‍ ഭാഗത്ത് 40 മീറ്റര്‍ നീളത്തിലും എ കെ ജി റോഡില്‍ 48 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡുകളും പാര്‍ശ്വഭിത്തിയും ഡ്രൈനേജും നിര്‍മ്മിച്ചിട്ടുണ്ട്.

2021-22 ബജറ്റില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചെലവിലാണ് മൂന്നുപെരിയ ചെറുപട്ടണം സൗന്ദര്യവത്ക്കരിച്ചത്. ഈ റോഡില്‍ മതിയായ ഓവുചാല്‍ സൗകര്യം, നടപ്പാത, വാഹനങ്ങള്‍ക്ക് അടിയന്തര ഘട്ടത്തില്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ ഇല്ലായിരുന്നു. ഇത് പരിഗണിച്ച് 350 മീറ്റര്‍ നീളമുള്ള റോഡിന്റെ ഇരുവശത്തും ഓവുചാല്‍, നടപ്പാതകള്‍, കൈവരി, ഇരുവശത്തും അലങ്കാര വിളക്കുകള്‍, വാഹനങ്ങള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ നിര്‍ത്തിയിടാനുള്ള സൗകര്യം എന്നിവ ഒരുക്കി. കെഎസ്ഇബി പോസ്റ്റുകള്‍ റോഡിന്റെ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ 2.75 ലക്ഷം രൂപ ചെലവായപ്പോള്‍ ഒമ്പത് ലക്ഷം രൂപ മുടക്കിയാണ് അലങ്കാര വിളക്കുകള്‍ സജ്ജമാക്കിത്. നഗര ബസ് യാത്രക്കാരെ പരിഗണിച്ച് മൂന്നുപെരിയ ടൗണ്‍ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. ഷെല്‍ട്ടറിന്റെ മതിലിന് ഇന്ത്യന്‍ ചരിത്ര പുരുഷന്‍മാരുടെ ചിത്രങ്ങളും പ്രദേശത്തെ പ്രമുഖരുടെ ഛായാചിത്രം ഉള്‍ക്കൊള്ളിച്ചുള്ള ചിത്രപ്പണികളും സ്ഥലങ്ങളുടെ പ്രാധാന്യത്തെ ആസ്പദമാക്കി എല്‍ ഇ ഡി സൈനേജ് നെയിം ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പൊതു കിണര്‍ മോടി പിടിപ്പിക്കുകയും ചെയ്തു.