ഭരണനിര്‍വഹണത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ ശാസ്താംകോട്ട താലൂക്ക്തല അദാലത്ത് കെ എസ് എം ഡി ബി കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കും. ഓരോ വ്യക്തിയുടെയും സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ കാലതാമസമില്ലാതെ സുതാര്യമായി തീര്‍പ്പാക്കലാണ് താലൂക്ക്തല അദാലത്തുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തമായ ഇടപെടലുകള്‍ നാടിന്റെ വികസനത്തിന് അനിവാര്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓരോ പൗരനെയും നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുഖ്യ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. ഓണ്‍ലൈനായി ലഭിച്ച 336 പരാതികളില്‍ 321 എണ്ണം തീര്‍പ്പാക്കി. നേരിട്ട് 447 പരാതികള്‍ ലഭിച്ചു. ഇവയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കും. ബിപിഎല്‍ വിഭാഗത്തില്‍ അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അദാലത്തില്‍ വിതരണം ചെയ്തു. ഓരോ വകുപ്പിനും പ്രത്യേക കൗണ്ടറുകള്‍, പരാതി തയാറാക്കാന്‍ ഉള്ള സഹായം, അഗ്‌നിശമനസേന, പൊലീസ്, എന്‍ സി സി എന്നിവയുടെ നേതൃത്വത്തില്‍ സുരക്ഷക്രമീകരണം, ലഘുഭക്ഷണം എന്നിവയും അദാലത്തില്‍ തയാറാക്കിയിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, എഡിഎം ആര്‍ ബീനാറാണി, ഡെപ്യൂട്ടി കലക്ടര്‍ ജി നിര്‍മല്‍ കുമാര്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.