ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ താമസക്കാരായ മോഹനേട്ടനും കുടുംബവും എ പി എല്‍ റേഷന്‍ കാര്‍ഡ് ഉടമകളായതിനാല്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. മകള്‍ മോനിഷക്ക് ആറ് മാസം മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ കൂടി ബാധിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. നിലവില്‍ തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലാണ് മോനിഷ. മരുന്നിനും യാത്രാ ചെലവിനും ഉള്‍പ്പെടെ വന്‍ തുകയാണ് പ്രതിമാസം ഈ കുടുംബത്തിന് ചെലവാകുന്നത്. എ പി എല്‍ കാര്‍ഡായതിനാല്‍ മോനിഷക്കും ചികിത്സാ ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. റേഷന്‍ കാര്‍ഡ് തരം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് മോഹനന്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് താലൂക്ക് തല അദാലത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി പുതിയ ബി പി എല്‍ റേഷന്‍ കാര്‍ഡ് മോഹനന് കൈമാറിയത്. മോഹനന്റെയും കുടുംബത്തിന്റെയും മാസങ്ങള്‍ നീണ്ട ബുദ്ധിമുട്ടുകള്‍ക്കാണ് കുന്നത്തൂര്‍ താലൂക്ക്തല അദാലത്തില്‍ പരിഹാരമായത്.
