മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഹരിത സ്ഥാപനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലിന്യമുക്ത കേരളം ഡ്രൈവ് സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടെ പൊതു ശുചിത്വം ഉറപ്പാക്കുക, മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്നിവയും ഡ്രൈവിന്റെ ലക്ഷ്യമായിരുന്നു.

ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവൃത്തികളില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും പങ്കാളികളായി. ഓഫീസുകളില്‍ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിത കര്‍മ്മസേനയ്ക്കും ഇ- വേസ്റ്റ് ക്ലീന്‍ കേരള കമ്പനിയ്ക്കും കൈമാറി. ശുചീകരണത്തിന് എ.ഡി.എം എന്‍ .ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ്, നവകേരള കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.