ഒരു കോളനിയിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യവുമായാണ് കലഞ്ഞൂര്‍ കുളത്തുമണ്‍ സ്വദേശിയായ എ. അനില സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലെത്തിയത്.
നിരവധി പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന അംബേദ്കര്‍ കോളനിയില്‍ സന്ധ്യകഴിഞ്ഞാല്‍ കാട്ടുമൃഗങ്ങളുടെ ശല്യമാണ്. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമൊക്കെ ഇവയെ ഓടിക്കാറാണ് പതിവെന്ന് അനില വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു. എന്നാല്‍, കോളനിയിലേക്ക് വരുന്ന വഴിയില്‍ വഴിവിളക്കില്ലാത്തത് കാരണം ജോലിക്ക് ശേഷം സന്ധ്യക്ക് തിരിച്ചെത്തുന്നവരുടെ കാര്യം കഷ്ടമാണെന്നും വഴിയില്‍ കാട്ടുമൃഗങ്ങളുണ്ടെന്ന ഭയത്തില്‍ ശബ്ദമുണ്ടാക്കിയാണ് ഇവര്‍ കോളനിയിലേക്ക് എത്തുന്നതെന്നും അനില പറഞ്ഞു. തങ്ങളുടെ പരാതി അനുഭാവപൂര്‍വം പരിഗണിക്കണമെന്ന അനിലയുടെ പരാതിയിന്‍ മേല്‍ , കോളനിയിലേക്കുള്ള വഴിയില്‍ വഴിവിളക്കും ഹൈമാസ്റ്റും ലൈറ്റും സ്ഥാപിക്കണമെന്നും അതിന് വേണ്ട നടപടികള്‍ കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കോളനിക്കാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരം നേടിയ സന്തോഷത്തിലാണ് അനില അദാലത്തില്‍ നിന്നും മടങ്ങിയത്.