വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്ക് ലാപ്ടോപ്പുകളും മൾട്ടി ഫങ്ഷൻ പ്രിന്ററുകളും വിതരണം ചെയ്തു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ വച്ച് നടന്ന വിതരണ ചടങ്ങ് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി മാറ്റുന്ന പ്രവർത്തനം സർക്കാർ നടത്തി വരികയാണ്. ഈ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് ലാപ്ടോപ്പുകളും മൾട്ടി ഫങ്ഷൻ പ്രിന്ററുകളും വിതരണം ചെയ്തത്.
മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലേക്കും ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കുന്നതിനാൽ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും. എങ്കക്കാട് -കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിനായി ആധുനിക കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ മണ്ഡലത്തിലെ 18 വില്ലേജ് ഓഫീസുകളിലെയും ഉദ്യോഗസ്ഥർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷെഫീഖ്, തൃശ്ശൂർ താലൂക്ക് തഹസിൽദാർ ടി ജയശ്രീ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥനായ തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം സി അനുപമൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുനിൽകുമാർ , തങ്കമണി ശങ്കുണ്ണി, കെ കെ ഉഷാദേവി, വി കെ രഘുനാഥൻ, വക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ ഷീല മോഹനൻ, നഗരസഭ കൗൺസിലർ സന്ധ്യ കൊടയ്ക്കാത്ത്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.