പ്രളയകാലത്ത് വീട് താമസയോഗ്യമല്ലാതായതിനെ തുടര്‍ന്ന് പന്തളം ചേരിയ്ക്കല്‍ നിവാസിയായ റീനുവും പിഞ്ചുകുട്ടികളടങ്ങിയ കുടുംബവും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരുന്നു. പ്രളയത്തിന് ശേഷവും വീട്ടിലേക്ക് മടങ്ങുവാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ആറ് വയസും ആറ് മാസവും വീതം പ്രായമുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഏറെ ദുരിതം അനുഭവിക്കുന്ന ഇവരുടെ വീട് പുനരുദ്ധരിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് 40000 രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍മാണം നടത്തി നല്‍കുന്നതിന് സംബന്ധിച്ച് അറിയിപ്പ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കുടുംബത്തിന് കൈമാറി. പ്രളയബാധിതരായ കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനസിക സാമൂഹ്യപരിപാടികളുടെ ഭാഗമായാണ് വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. പന്തളം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, ഐസിഡിഎസ് സൂപ്രവൈസര്‍ നിഷ, ചേരിക്കല്‍ ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍, ഷാന്‍ രമേശ് ഗോപന്‍, എം.ആര്‍ രഞ്ചിത്ത്, സ്‌കൂള്‍ കൗണ്‍സിലര്‍ നിമ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
