സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കലാവിരുന്നിനൊപ്പം അത്യുജ്ജ്വല പ്രകടനത്തിലൂടെ ബോധവൽക്കരണവുമായി പോലീസ് സേന.
കേരള പോലീസിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളുടെ ഗാനത്തോടെ ആരംഭിച്ച സാംസ്കാരിക പരിപാടി കാണികളെ ആനന്ദത്തിലാഴ്‌ത്തിയതിന് ഒപ്പം ചിന്തിപ്പിക്കുന്ന ഒരു വേദി കൂടിയായി മാറി.  റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വ്യത്യസ്ത റോഡപകട ദൃശ്യങ്ങളിലൂടെ
ഓർക്കുവാൻ ഓർമിക്കുവാൻ എന്ന ബോധവത്ക്കരണ നാടകത്തിലൂടെ കലാകാരൻമാർ അരങ്ങിലെത്തിച്ചു.
 ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് കലാവിരുന്ന് അരങ്ങേറിയത്.
വാഹനാപകടം സംഭവിച്ച ശേഷമുള്ള ഒരു മണിക്കൂർ സമയത്തിന്റെ പ്രാധാന്യം അറിയിച്ച ഷോർട്ട് ഫിലിം ഗോർഡൺ ഹവർ സദസിനെ ചിന്തിപ്പിക്കുന്ന ദൃശ്യാവിഷ്കരണം ആയിരുന്നു. ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന പോലീസ് വകുപ്പിന്റെ പ്രവർത്തനം തമാശയിൽ കോർത്തിണക്കിയ സ്കിറ്റുമായി എത്തിയപ്പോൾ കാണികൾ ചിരിയിലാഴ്ന്നു.  സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ട്രാഫിക് എന്ന ആൽബം അഡീഷണൽ എസ്.പി. പ്രദീപ്കുമാർ റിലീസ് ചെയ്തു. ജോർജ് കുട്ടി, സി. മധു, ദീപ്തി കുമാർ, സി.എസ്. അരുൺ കുമാർ, വിജയകാന്ത്, വി.ശ്രീജിത്ത്, എ. ഫിറോസ്, എൻ. സാബു, കെ.രാജേഷ്, ബി. സുരേഷ്, ജയദേവ് കുമാർ, ആർ.രാജേഷ്, ജിജി കുമാരി, കൃഷ്ണകുമാരി, നീതു കൃഷ്ണ, അശ്വതി വിജയൻ , അനീഷ്, അരുൺ ഗോപി തുടങ്ങിയ കലാകാരൻമാരാണ് പങ്കെടുത്തത്.