വര്‍ഷങ്ങളായി രണ്ട് പെണ്മക്കളോടൊപ്പം ഷെഡില്‍ കഴിയുന്ന കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലെ പള്ളിക്കുളത്തെ പി. രജിതക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സമാധാനത്തോടെ കഴിയാം. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച പുതിയ വീടിന്റെ  താക്കോല്‍ പയ്യന്നൂര്‍ താലൂക്ക് തല അദാലത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ കയ്യില്‍ നിന്നും  ലഭിച്ചതോടെ രജിതക്ക് ആശ്വാസമായി. ഭര്‍ത്താവുപേക്ഷിച്ച ഇവര്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് വരുമാനമാര്‍ഗം കണ്ടെത്തുന്നത്. മൂത്തമകളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇളയമകളും രജിതയും മാത്രമാണ്  ഇപ്പോള്‍ വീട്ടില്‍. അതുകൊണ്ട് തന്നെ ഷെഡില്‍ കഴിയുകയെന്നത് ദുസ്സഹമായിരുന്നു. ഇനിയെങ്കിലും തനിക്ക് മകളോടൊപ്പം അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാമെന്നാണ് അദാലത്തില്‍ നിന്നും മടങ്ങുമ്പോള്‍ രജിത പറഞ്ഞത്.

പെരിങ്ങോം-വയക്കര  പഞ്ചായത്ത് പാടിയോടുചാല്‍ വേങ്ങാട് എസ്  ടി കോളനിയിലെ സ്വപ്ന ഇളയിടത്ത് ആണ് ലൈഫിന്റെ മറ്റൊരു ഗുണഭോക്താവ്. അഞ്ച് മക്കളും കൂലിപ്പണിക്കാരനായ ഭര്‍ത്താവുമടങ്ങുന്ന സ്വപ്നയുടെയും ജീവിതം ഷെഡില്‍ നിന്നും പുതിയ വീട്ടിലേക്ക് മാറുകയാണ്. 15 വര്‍ഷത്തോളമാണ് സ്വപ്നയും കുടുംബവും ഷെഡില്‍ താമസിച്ചത്. ‘കുഞ്ഞു മക്കളടക്കം എത്രയോ കാലങ്ങളായി  എന്റെ പെങ്ങളും ഭര്‍ത്താവും പഴയ ഷെഡില്‍ കഴിയുന്നു. അവര്‍ക്ക് ഇത് വലിയൊരാശ്വാസം തന്നെയാണ്’ സ്വപ്നക്കായി താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ  സഹോദരന്‍ ദിലീപ് പറഞ്ഞു. ഇവര്‍ക്ക് പുറമെ കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലെ കൂക്കാനത്തെ ടി പി സൗമ്യക്കും പുതിയ വീടിന്റെ താക്കോല്‍ ലഭിച്ചു.