കൃത്യതയോടെയും വ്യവസായ സൗഹൃദമായും നികുതി നിർവഹണം നിർവഹിക്കുന്നതിൽ ഓഡിറ്റിംഗിന് സുപ്രധാന പങ്കുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു മന്ത്രി. കൺകറന്റ് ഓഡിറ്റിംഗ് എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.

നാട്ടുരാജ്യങ്ങളുടെ കാലം മുതൽ വരുമാനത്തിൽ നിന്നും സാമൂഹിക വികസനത്തിനായി തുക നീക്കി വെക്കുന്ന രീതി നിലവിലുണ്ടായിരുന്നു. എന്നാൽ വ്യവസ്ഥകളിൽ കാതലായ  മാറ്റങ്ങൾക്ക് വിധേയമാകാത്ത മേഖല കൂടിയാണ് നികുതി നിർവഹണം. ഇതിൽ മാറ്റമുണ്ടായതിന്റെ ഭാഗമായാണ്  ജി എസ് ടി നിലവിൽ വന്നത്.

ജി എസ് ടി  അഖിലേന്ത്യ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയുകയും കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലെ കുറവും പ്രതികൂലമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി എസ് ടി കോമ്പൻസേഷൻ എന്ന രീതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിക്കുന്ന തുക നൽകുന്ന കാലയളവ്  ദീർഘിപ്പിക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചത്.

റവന്യൂ വരുമാനം  കുറഞ്ഞ സാഹചര്യത്തിലും  ചെലവ് വർദ്ധിച്ചു.രണ്ട് വർഷം കൊണ്ട് 18000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ് ബിയിലൂടെ സംസ്ഥാന ഗവൺമെന്റ് നടത്തിയത്. ടാക്‌സ് ഡവല്യൂഷൻ കുറവുള്ള സംസ്ഥാനമാണ് കേരളം എന്നാൽ തനത് വരുമാനമടക്കം വർദ്ധിപ്പിക്കാനുള്ള നടപടി കേരളം സ്വീകരിച്ചു. റവന്യൂ വരുമാനം എന്ന നിലയിൽ 70% കേന്ദ്രവിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്.

ഡിവിസിവ് പൂളിൽ നിന്നുള്ള കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുന്നുണ്ട്. കേന്ദ്രം പിരിച്ചെടുക്കുന്ന  നികുതികളുടെ  59 ശതമാനം  കേന്ദ്രം എടുക്കുകയും ബാക്കി 41% സംസ്ഥാനങ്ങൾക്ക് വീതം വെച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനങ്ങൾക്കിടയിൽ വീതം വെച്ച് നൽകേണ്ടുന്ന ഈ 41 ശതമാനത്തിനെ വിളിക്കുന്ന പേരാണ് ഡിവിസിബിൾ പൂൾ.

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ യഥാസമയം നികുതി പിരിക്കുന്നതിനും ആവശ്യമായ സങ്കേതങ്ങൾ ഒരുക്കുന്നതിനും ക്രിയാത്മകമായ ഓഡിറ്റിംഗ് നടക്കണം. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ ക്രയവിക്രയങ്ങളിലടക്കം സംസ്ഥാന ഗവൺമെന്റിനർഹമായ നികുതി പിരിച്ചെടുക്കാൻ കഴിയുന്ന രീതിയിലേക്ക് ഓഡിറ്റർമാർക്കുള്ള പരിശീലന പരിപാടിക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

സ്റ്റേറ്റ് ജി.എസ്.ടി വകുപ്പ് അഡീഷണൽ കമ്മീഷണർ –എബ്രഹാം റെൻ എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജി എസ് ടി വകുപ്പ് കമ്മീഷണർ ഇൻ ചാർജ് ഡോ. എസ്. കാർത്തികേയൻ വിഷയാവതരണം നടത്തി. മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ  വിശിഷ്ടാതിഥിയായി.

ഹെഡ് ഓഫ് ട്രെയിനിംഗ് ടീം വി എസ്. കൃഷ്ണൻസ്റ്റേറ്റ് ജി എസ് ടി വകുപ്പ്അഡിഷണൽ കമ്മിഷണർ (ആഡിറ്റ്) ജെപ്‌സൺ കെ.ജെഗിഫ്റ്റിലെ അസോസിയേറ്റ് പ്രൊഫസർ,  ഡോ. എൻ രാമലിംഗംകൃഷ്ണ മിശ്രപി കെ ഗോയൽ എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റേറ്റ് ജി എസ് ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർട്രെയിനിംഗ് ബിജു വൈദ്യൻ കെ ചടങ്ങിന് നന്ദി അറിയിച്ചു.

അറിവും പ്രാപ്തിയും സാങ്കേതിക പരിജ്ഞാനവും മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓഡിറ്റ് വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാരാണ് ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് ഈ മാസ്റ്റർ ട്രെയിനർമാർ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് പരിശീ ലനം നൽകും.  പരിശീലന പരിപാടിയിൽഓഡിറ്റിംഗിൽ ദേശീയ തലത്തിൽ മികച്ച അനുഭവസമ്പത്തുള്ള വിദഗ്ദ്ധരാണ് ക്ലാസ്സുകൾ നയിക്കുന്നത്.