അട്ടപ്പാടി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഇക്കോ ഫാം, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടാന്‍ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ നിര്‍ദേശം നല്‍കി. അട്ടപ്പാടി, ഷോളയൂര്‍ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്ന ഇക്കോ ഫാമില്‍ പ്രകൃതി ക്യാമ്പിനായി താമസിച്ചിരുന്ന സ്വകാര്യ കോളെജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെട്ട സംഘത്തിലെ വിദ്യാര്‍ത്ഥി ശിരുവാണി പുഴയില്‍ പെട്ട് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അഗളി, ഷോളയൂര്‍, പുതൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിയമാനുസൃത അനുമതിപത്രം ഇല്ലാതെയും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഇക്കോ ഫാം, മറ്റ് ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടുന്നതിനും റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി അഗളി ഡിവൈ.എസ്.പി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ പ്രവര്‍ത്തനാനുമതി, ലൈസന്‍സ് നല്‍കിയിട്ടുള്ള റിസോര്‍ട്ടുകള്‍, മറ്റ് ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടികയും സബ് കലക്ടര്‍ ആവശ്യപ്പെട്ടു.