വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമാകുന്നതിന്റെ സന്തോഷത്തിലാണ് ചോറ്റാനിക്കര സ്വദേശി വാസുദേവ ശർമ്മ. 47 വർഷങ്ങളായി വീൽ ചെയറിൽ വിരസ ജീവിതം നയിച്ചതിന്റെ ക്ഷീണത്തിലും പരസഹായമില്ലാതെ പുറത്തിറങ്ങാം എന്ന ശുഭ പ്രതീക്ഷയോടെയാണ് മന്ത്രി പി.രാജീവിന്റെ മുന്നിൽ നിന്നും അദ്ദേഹം മടങ്ങിയത്. എറണാകുളം ടൗൺ ഹാളിൽ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലാണ് വർഷങ്ങളായിട്ടുള്ള പവർ വീൽ ചെയർ എന്ന ഇദ്ദേഹത്തിന്റെ സ്വപ്നം സാക്ഷത്കാരത്തിലേക്ക് അടുക്കുന്നത്.

1974 ൽ അപകടം ഉണ്ടാകുന്നതിനു മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു വാസുദേവ ശർമ്മ. കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലി കിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സ്‌പൈനൽ കോഡിന് ക്ഷതം സംഭവിച്ചതുമൂലം 80 ശതമാനത്തോളം ഭിന്നശേഷിക്കാരനായി അദ്ദേഹം. ഭാര്യ മാത്രമാണ് നിലവിൽ തുണയായി വീട്ടിൽ ഉള്ളത്.

2014 ആണ് ആദ്യമായി പവർ വീൽ ചെയറിനായി അദ്ദേഹം അപേക്ഷ നൽകിയത്. വർഷങ്ങൾക്കിപ്പുറം കരുതലും കൈത്താങ്ങും എന്ന പേരിൽ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിലൂടെ ആറ് മാസത്തിനകം പവർ വീൽചെയർ ലഭ്യമാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. അതിനായി ജില്ലാ പഞ്ചായത്തിലേക്കുള്ള അപേക്ഷയും മന്ത്രി പൂരിപ്പിച്ചു നൽകി. വീൽ ചെയർ ലഭിക്കാൻ കാലതാമസം ഉണ്ടായാൽ കളക്ടർ നേരിട്ട് ഇടപെടുമെന്നും മന്ത്രി ഉറപ്പു നൽകി.