അഞ്ച് അങ്കണവാടികളുടെയും നെല്ലിക്കാട് സ്മാര്‍ട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു
സ്മാര്‍ട്ട് അങ്കണവാടികളിലൂടെ കുഞ്ഞുങ്ങളുടെ സമഗ്രമായ വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 250 സ്മാര്‍ട്ട് അങ്കണവാടികള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് അങ്കണവാടികളുടെ നിര്‍മ്മാണോദ്ഘാടനവും മണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാട് സ്മാര്‍ട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുസമൂഹവുമായി ആദ്യമായി ബന്ധപ്പെടുന്നു എന്ന നിലയില്‍ അങ്കണവാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അവരുടെ മാനസികവും ശാരീരികവും ഭൗതികവുമായ വളര്‍ച്ചയ്ക്കുള്ള ഇടങ്ങളാക്കി അങ്കണവാടികള്‍ മാറ്റിയെടുക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഒരുക്കുന്നതിന് സംസ്ഥാനം ബജറ്റില്‍ 62 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം കൊടുക്കുന്ന പാലും മുട്ടയും പദ്ധതി എല്ലാ ദിവസവുമാക്കി മാറ്റാന്‍ ആലോചനയിലുണ്ട്. അങ്കണവാടികളിലൂടെ കുട്ടികളുടെ വിവിധ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിളയൂര്‍ പേരടിയൂര്‍ നളന്ദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാബിറ, എ. പ്രശാന്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.