ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സീമാറ്റ്-കേരള രൂപം നൽകിയ സഹ്യകിരണം പരിപാടിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു.  സഹ്യകിരണം പരിശീലനത്തിന്റെ മാസ്റ്റർ ട്രെയിനർ സംഘമായി സഹ്യ ചെയ്ഞ്ച് ടീമിന്റെ ചതുർദിന ശില്പശാലയും മന്ത്രി ഉദ്ഘാടനം ചെയ്തു.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് സഹ്യകിരണം പരിപാടി ആരംഭിച്ചത്.  സീമാറ്റ്-കേരള ഗോത്ര മേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾക്ക് അനുസൃതമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

സീമാറ്റ്-കേരള ഡയറക്ടർ ഡോ. സുനിൽ വി. ടി. എസ്.ഐ.ഇ.ടി. ഡയറക്ടർ ബി. അബുരാജ്, വയനാട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. അബ്ബാസ് അലി, സീമാറ്റ് – കേരള ചീഫ് കോ-ഓർഡിനേറ്റർ സുരേഷ് ബാബു, ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റി അംഗങ്ങൾ തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകിവരുന്നു.