കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിഡിഎസായി വെള്ളമുണ്ട സിഡിഎസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന രജത ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അവാർഡ് ദാനം നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്സൺ സജന സജീവൻ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
ഗോത്രമേഖലയിലും ഉപജീവന മേഖലയിലും നടപ്പാക്കിയ പ്രത്യേക പ്രവർത്തനങ്ങളും മികച്ച അവതരണവുമാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ സിഡിഎസ്നൊപ്പം വെള്ളമുണ്ടക്ക് അവാർഡ് നേടി കൊടുത്തത്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സിഡിഎസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഇടുക്കി ജില്ലയിലെ മറയൂർ സിഡിഎസും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സിഡിഎസും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് എഴുപത്തി അയ്യായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് അൻപതിനായിരം രൂപയും ലഭിക്കും. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ വിവിധ പരിപാടികളാണ് സംസ്ഥാന തലത്തിൽ കുടുംബശ്രീ സംഘടിപ്പിച്ചത്. സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.