അറിവാണ് ആയുധം അറിവാണ് ശക്തി എന്ന് മനസ്സിലാക്കിയ സർക്കാരാണ് കേരളത്തിലേതെന്ന്‌ എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്. ഇതിന്റെ ഭാഗമെന്നോണമാണ് കേരളത്തെ ഒരു വിജ്ഞാന സമൂഹം ആക്കി മാറ്റുക എന്ന നയം സർക്കാർ സ്വീകരിച്ചതെന്നും എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച മാറുന്ന ഉന്നത വിദ്യാഭ്യാസ മേഖലയും കേരളവും എന്ന വിഷയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ പ്രവർത്തനം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പാവപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും വിദേശരാജ്യത്തെ പോലെ തന്നെ ഉന്നത വിദ്യാഭ്യാസം ഇവിടെ ലഭിക്കണമെന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്ന് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

ഇന്ത്യയുടെ സവിശേഷ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സന്ദർഭങ്ങളെ കടത്തിവെട്ടാൻ ഉന്നത വിദ്യാഭ്യാസം മേഖലയ്ക്ക് സാധിക്കമോ എന്ന് ചോദ്യം മോഡറേറ്റർ സെബാസ്റ്റ്യൻ ജോസഫ് മുന്നോട്ടുവച്ചു.
എങ്ങനെയുള്ള സമൂഹത്തെയാണ് സൃഷ്ടിക്കുന്നത് അതനുസരിച്ചുള്ള വിദ്യാഭ്യാസം ആവണം നൽകേണ്ടത് എന്ന് പാനൽ ചർച്ചയിലൂടെ പാമ്പാടി ആർ.ഐ.ടി. പ്രിൻസിപ്പൽ എം.ജെ ജലജ പറഞ്ഞു. മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കോട്ടയം ഡെന്റൽ കോളേജ് പീടിയാട്രിക് വിഭാഗം മേധാവി ഡോ. കണ്ണൻ പറഞ്ഞു. എസ്.ബി. കോളേജ് പ്രിൻസിപ്പൽ ഫാദർ റെജി പി. കുര്യൻ, സി.എം.എസ്. കോളജ് പ്രിൻസിപ്പൽ വർഗീസ് സി ജോഷ്വാ, പാലാ സെന്റ് തോമസ് കോളേജ് പാലാ വൈസ് പ്രിൻസിപ്പൽ ജോജി അലക്‌സ് ,എംജി സർവകലാശാല സെനറ്റ് മെമ്പർ രഞ്ജിത്ത് മോഹൻ, പ്രൊഫ. പി.ആർ ബിജു എന്നിവർ പങ്കെടുത്തു.