വയനാട് ജില്ലയില്‍ ആദ്യമായി തണല്‍ സന്നദ്ധ സംഘടന നിര്‍മ്മിച്ചു നല്‍കിയ പ്രകൃതി സൗഹൃദ വീടിന്റെ താക്കോല്‍ ദാനം തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായ ഐഡി ഫ്രഷ് ഫുഡ് ഡയറക്ടര്‍ ടി.കെ ജാഫര്‍, അഹമ്മദ് ഹാജി എന്നിവരില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രകൃതി സൗഹൃദ വീടു നിര്‍മ്മിച്ചു നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം മന്ത്രി അഭിനന്ദിച്ചു. ഇത്തരം മാതൃകകള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്താന്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വീടില്ലാത്ത അവസ്ഥയടക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നവകേരള മിഷന്‍ തുടങ്ങിയത്. എന്നാല്‍ അതിനിടയിലുണ്ടായ പ്രകൃതിക്ഷോഭം കേരളത്തിന്റെ വികസനത്തെ ദോഷകരമായി ബാധിച്ചു. പ്രാഥമിക കണക്കനുസരിച്ച് നാല്‍പതിനായിരം കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ആയിരത്തിലധികം ഗ്രാമങ്ങളെയും 55 ലക്ഷം പേരെയും പ്രളയം നേരിട്ടു ബാധിച്ചു. എന്നാല്‍ നൂറ്റാണ്ടിലെ ദുരന്തത്തെ എല്ലാവിഭാഗം ആളുകളും ഒറ്റക്കെട്ടായി നേരിട്ടു. വയനാടിനെ വീണ്ടെടുക്കുന്നതിനുപരി വയനാടിന്റെ പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സഹായം നല്‍കാന്‍ സന്നദ്ധരായവരെയെല്ലാം പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
പൊഴുതന ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉര്‍വി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് തണല്‍ ആറാംമൈലില്‍ എഴുപതുവയസ്സുകാരിയായ കളത്തിങ്ങല്‍ വീട്ടില്‍ കെ. പാത്തുമ്മയ്ക്കും കൂടുംബത്തിനും വീടു വച്ചു നല്‍കിയത്. പ്രളയത്തില്‍ ജനലിനോളം വെള്ളം കയറിയ ഇവരുടെ 24 വര്‍ഷം പഴക്കമുള്ള വീടു പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. സാമ്പത്തിക ബാധ്യതകളില്‍ ബുദ്ധിമുട്ടി മറ്റു വഴികളൊന്നും മുന്നിലില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന, ഈ കുടുംബത്തിന്റെ വാക്കുകളില്‍ ഇന്നു പറിഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷവും നന്ദിയുമാണ്. അടുത്ത മാസം ഏഴിനു പാത്തുമ്മയുടെ മകളുടെ കല്യാണമാണ്. അതിനുമുമ്പ് അവശേഷിക്കുന്ന മിനുക്കു പണികള്‍ കൂടി പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് താമസം മാറ്റാനാണ് ഈ ഏഴംഗ കുടുംബത്തിന്റെ തീരുമാനം. ആറേകാല് ലക്ഷം രൂപ ചെലവിട്ട് 15 ദിവസം കൊണ്ടാണ് കേരള മാതൃകയില്‍ പ്രകൃതി സൗഹൃദ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതെ മാതൃകയില്‍ കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മാനന്തവാടി നഗരസഭയിലും പനമരം, പൊഴുതന ഗ്രാമപഞ്ചായത്തുകളിലും വീടു നഷ്ടപ്പെട്ടവരെ കണ്ടെത്തി 70 വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കാനും തണല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 60 സെന്റ് സ്ഥലം പനമരം ഗ്രാമപഞ്ചായത്തിലെ പാലുകുന്നിലും പൊഴുതനയില്‍ 40 സെന്റും കണ്ടെത്തിയിട്ടുണ്ട്. ഒരോ മൂന്നര സെന്റിലും 560 സ്‌ക്വയര്‍ ഫീറ്റില്‍ പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിക്കാനാണ് തണല്‍ ആലോചിക്കുന്നത്. അതാത് പ്രദേശത്തെ പ്രത്യേകതകള്‍ പരിഗണിച്ചാണ് നിര്‍മ്മാണം.
പരിപാടിയില്‍ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പി.എം വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം. സെയ്ദ്, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍, പൊഴുതന പഞ്ചായത്ത് അംഗം സക്കീന മുജീബ്, തണല്‍ ചെയര്‍മാന്‍ ഇദ്രീസ്, തണല്‍ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ബൈജു അയടത്തില്‍, ഉര്‍വി ഫൗണ്ടേഷന്‍ ചീഫ് ഹസന്‍ നസീഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉര്‍വി ഫൗണ്ടേഷന് ഉപഹാരം നല്‍കി ആദരിച്ചു.

നിര്‍മ്മാണം പ്രകൃതിക്കിണങ്ങിയ ശാസ്ത്രീയ രീതികളിലൂടെ

പ്രകൃതിക്കിണങ്ങിയ ശാസ്ത്രീയ രീതികളിലൂടെയാണ് പൊഴുതന ഗ്രാമപഞ്ചായത്തിലെ ആറാംമൈലില്‍ തണല്‍, ഉര്‍വി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ 560 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീടു നിര്‍മ്മിച്ചിരിക്കുന്നത്. ശാസ്ത്രീയ രീതികളിലൂടെ ആദ്യഘട്ടത്തില്‍ 20 പേരടങ്ങുന്ന ആര്‍ക്കിടെക്കുമാര്‍ക്ക് ഉര്‍വി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. പ്രകൃതി സൗഹൃദവും സുരക്ഷിതവുമായ വീടുകളുടെ നിര്‍മ്മാണ രീതി പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു ആദ്യം ലക്ഷ്യമെന്ന് ഉര്‍വി ഫൗണ്ടേഷന്‍ ചീഫ് ഹസന്‍ നസീഫ് പറഞ്ഞു. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ പ്രാപ്തമായ രീതിയില്‍ തറനിരപ്പില്‍ നിന്നും ഒന്നര മീറ്ററോളം ഉയരത്തിലാണ് വീടിന്റെ തറ. ഇതിനായി സ്റ്റീലിനേക്കാള്‍ കംമ്പ്രസിംഗ് കപ്പാസിറ്റിയുള്ള കല്ലന്‍ മുള ഉപയോഗിച്ചാണ് പൈലിംഗിനായി കുഴിയുടെ അടിഭാഗം ഒരുക്കിയത്. തുരുമ്പെടുക്കാതിരിക്കാന്‍ ബിറ്റുമിന്‍ കവറിംഗ് ഉപയോഗിച്ചിട്ടുണ്ട്. ഭുമിയിലേക്ക് വെള്ളം ഇറങ്ങി പോകാനും കോഴി വളര്‍ത്തലടക്കമുള്ള ചെറുകിട സംരഭങ്ങള്‍ തുടങ്ങാനും ഭൂമിയുടെ തറനിരപ്പില്‍ നിന്നും വീടിന്റെ തറനിരപ്പിലേക്കുള്ള ഒന്നര മീറ്ററോളം ഒഴിഞ്ഞ സ്ഥലം ഉപയോഗിക്കാമെന്നാണ് മറ്റൊരു പ്രത്യേകത. ഭാരം വഹിക്കാനുള്ള കഴിവ് കണക്കാക്കിയാണ് പൈലിംഗ് ശക്തിപ്പെടുത്തുന്നത്. സാധാരണ വീടുകളുടെ നിര്‍മ്മാണത്തിനാവശ്യമായി വരുന്ന അസംസ്‌കൃത വസ്തുകളുടെ 20 ശതമാനം മാത്രമാണ് ഇത്തരം വീടുകള്‍ക്കു വേണ്ടി വരുന്നുള്ളു. ബാക്കി വരുന്ന 80 ശതമാനം അസംസ്‌കൃത വസ്തുക്കളും അര്‍ഹതപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കുകയെന്നാണ് ഈ നിര്‍മ്മാണത്തിന്റെ ആശയം. സിമന്റ് ഫൈബര്‍ ബോര്‍ഡ്, മൈല്‍ഡ് സ്റ്റീല്‍, ഗാല്‍വനേറ്റഡ് സ്റ്റീല്‍, റൂഫ് സംവിധാനം എന്നിവയാണ് പ്രധാനമായും രൂപകല്‍പ്പനയ്ക്കുപയോഗിച്ചിരിക്കുന്നത്. അഴിച്ചുമാറ്റി മറ്റൊരിടത്തു മാറ്റിസ്ഥാപിക്കാനും കഴിയും. മത്സരാടിസ്ഥാനത്തിലാണ് അനുയോജ്യമായ രൂപകല്‍പ്പനകള്‍ നിര്‍മ്മാണത്തിനായി സ്വീകരിക്കുന്നത്.