തമിഴ്നാട്ടിലെ മുതുമലയില്‍ മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിച്ച കുങ്കിയാനകള്‍ ഇനി നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തും. പരിക്കേറ്റ് അവശരാവുന്ന കാട്ടനകളെ ചികിത്സിക്കാനും ഇവയുടെ സേവനം പ്രയോജനപ്പെടുത്തും. മുതുമല തെപ്പക്കാട് ആന ക്യാമ്പിലെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കോടനാട് നീലകണ്ഠന്‍, കോന്നി സുരേന്ദ്രന്‍, മുത്തങ്ങ പന്തിയിലെ സൂര്യ എന്നി ആനകളെ തിരിച്ച് മുത്തങ്ങയിലെ ക്യാമ്പിലെത്തിച്ചത്. ജൂണ്‍ പതിനാറിനാണ് ഈ മൂന്ന് ആനകളെയും പരിശീലനത്തിനായി കൊണ്ടുപോയത്. ഏകദേശം 14 ലക്ഷത്തോളം രൂപ ഇതിനായി വനംവകുപ്പ് ചെലവഴിച്ചു. മൂന്നു മാസക്കാലത്തെ പരിശീലനം ആനകള്‍ക്ക് എറെ പ്രയോജനപ്രദമായെന്ന് മുത്തങ്ങയിലെ എലിഫെന്റ് ക്യാമ്പ് ആന്‍ഡ് ആര്‍.ആര്‍.ടി റേഞ്ച് ഓഫിസര്‍ എ.എസ് അശോക് പറഞ്ഞു. ആനകളെ തുരത്തുന്നതിനും ചികിത്സിക്കുന്നതിനും കുറഞ്ഞത് മൂന്ന് കുങ്കിയാനകള്‍ വേണമെന്നിരിക്കെ ഈ മൂന്നു കൊമ്പന്‍മാരെയും മുത്തങ്ങ ആനപ്പന്തിയില്‍ തന്നെ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.