ബെല്‍ജിയത്തില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ജില്ലയുടെ അഭിമാനമായ വിദ്യാര്‍ഥികളെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ -ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ആദരിച്ചു. ജൂണ്‍ 12 മുതല്‍ 27 വരെ നടക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്‌സിലാണ് കല്ലൂപ്പാറ കടമാന്‍കുളം എംജിഎം ബഥനി ശാന്തി ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ വോക്കേഷണല്‍ വിദ്യാര്‍ഥികളായ ബ്ലെസി ബിജുവും മെറിന്‍ വില്‍സണും മത്സരിക്കുന്നത്.

പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ട്രോഫി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മാനിച്ചു.  ജില്ലയ്ക്ക് വലിയ അംഗീകാരമാണ് ഇരുവര്‍ക്കും സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ ലഭിച്ച അവസരമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നും 26 അത്ലറ്റുകളാണ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വേള്‍സ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍  നടന്ന സംസ്ഥാന സെലക്ഷന്‍ ക്യാമ്പില്‍ നിന്നും കേരള ടീമില്‍ ഇവര്‍ എത്തി. തുടര്‍ന്ന് പോണ്ടിച്ചേരി, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍  നടന്ന അഞ്ച് പ്രീപ്രേറ്ററി ക്യാമ്പില്‍ ഇരുവരും പങ്കെടുത്തു. ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുവരും തങ്ങളുടെ കായിക കഴിവുകൊണ്ട് വെല്ലുവിളികളെ കാറ്റില്‍ പറത്തിയാണ്  ഇന്ത്യന്‍ ടീമില്‍ എത്തിചേര്‍ന്നത്. ആഗ്രഹങ്ങള്‍ മനസിനെ തളര്‍ത്തില്ലായെന്നതിന് മികച്ച ഉദാഹരണമാണ് ബ്ലെസിയും മെറിനും.

ബ്ലെസി ബിജു ബീച്ച് വോളിബോളും  മെറിന്‍ വില്‍സണ്‍ ബാസ്‌ക്കറ്റ് ബോളിലുമാണ്  പങ്കെടുക്കുന്നത്. സ്‌കൂളിലെ കായിക അധ്യാപകനായ ഡോമിനിക് മാര്‍ട്ടിന്റെ മികച്ച പരിശീലനവും മറ്റ് അധ്യാപകരുടെ പിന്തുണയുമാണ്  ബ്ലെസിയെയും മെറിനെയും പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമാക്കിയത്. യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് അഫയെഴ്‌സ് മന്ത്രാലയത്തിന്റയും സായിയുടെയും നേതൃത്വത്തിലാണ് ഇന്ത്യയില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് നടത്തുന്നത്.