സേഫ് കേരള പദ്ധതിയിൽ നിർമിതി ബുദ്ധി ഉപയോഗിച്ചിട്ടുള്ള ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച വ്യവസായവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് ലഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്ക് വസ്തുതകളുമായി ബന്ധമില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച്, സുതാര്യമായാണ് കെൽട്രോൺ ടെണ്ടർ നൽകിയിട്ടുള്ളത്. കെൽട്രോൺ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാഹ്യഏജൻസികൾക്ക് ഉപകരാർ നൽകാൻ പരിമിതികളില്ല. ഡാറ്റ സുരക്ഷാ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവയൊഴികെ എല്ലാ വിഭാഗത്തിലും ഉപകരാർ നൽകാം. ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പുകമറ സൃഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.