കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന ചങ്ങാടയാത്ര പാല്‍വെളിച്ചത്ത് പുനരാരംഭിച്ചു. ഇതോടൊപ്പം ബാംബു കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപിലേക്ക് പ്രേവേശനം ആരംഭിച്ചിട്ടില്ല. ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം വനം വകുപ്പ് ഏര്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വനം വകുപ്പ് ചെറിയ ഇളവ് വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് ചങ്ങാടയാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച മെയ് മാസത്തില്‍ മാത്രം ഡി.ടി.പി.സിക്ക് 3,12,250 രൂപയും ജൂണ്‍ പകുതി വരെ 14,890 രൂപയും ലഭിച്ചിരുന്നു. അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ചെറുചങ്ങാടങ്ങളും 50 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വലിയ ചങ്ങാടകളുമാണ് ഇപ്പോള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ സ്വന്തമായി നടത്താന്‍ കഴിയുന്ന ബാംബു കയാക്കിംഗും റാഫ്റ്റിംഗും ഒരുക്കിയിട്ടുണ്ട്. ചങ്ങാടയാത്രയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 22ന് ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിക്കും.