സമൂഹത്തിന്റെ മുന്നേറ്റത്തിനായി ക്രീയാത്മകമായ സേവനം അഭ്യസ്ത വിദ്യരായ യുവതലമുറകള്‍ ഏറ്റെടുക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൂക്കോട് വെറ്ററനറി കോളേജില്‍ കേരള വെറ്ററിനറി സര്‍വകലാശാല നാലാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍.

സര്‍വകലാശാല ബിരുദങ്ങള്‍ ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെങ്കിലും നേടിയ അറിവുകള്‍ സമൂഹത്തിന് വേണ്ടി പരമാവധി വിനിയോഗിക്കുമ്പോഴാണ് അവയെല്ലാം ലക്ഷ്യത്തിലെത്തുന്നത്. കര്‍മ്മോത്സുകതയില്ലാത്ത ബൗദ്ധിക ജ്ഞാനങ്ങള്‍ കൊണ്ട് പ്രയോജനമില്ലെന്നാണ് ഭാരതീയ പുരാണങ്ങളും ഇതിഹാസങ്ങളും പങ്കുവെക്കുന്നത്. മികവാര്‍ന്ന പാഠ്യപദ്ധതിയിലൂടെയും ആസൂത്രണത്തിലൂടെയും കേരള വെറ്ററിനറി സര്‍വകലാശാല മുന്നേറുകയാണ്. മൃഗസംരക്ഷണം, പാലുല്‍പ്പന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യല്‍, രോഗനിര്‍ണയം എന്നിവയില്‍ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടികളില്‍ സര്‍വകലാശാല നേതൃത്വം നല്‍കുന്നത് ശ്ലാഘനീയമാണ്. കന്നുകാലി വളര്‍ത്തല്‍ ഇന്ന് രാജ്യത്ത് ലക്ഷക്കണക്കിന് ഗ്രാമീണരുടെ ജീവിതമാര്‍ഗ്ഗമാണ്. ചെറുകിട കര്‍ഷക കുടുംബങ്ങളുടെ വരുമാനത്തില്‍ 16 ശതമാനത്തോളം വരുമാനം മൃഗസംരക്ഷണ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ കന്നുകാലികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ മൃഗസംരക്ഷണ മേഖലയുടെ നിര്‍ണായക പങ്ക് വളരെ വലുതാണ്.

ദേശീയ തലത്തിലുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ മൃഗഡോക്ടര്‍മാര്‍ക്ക് വലിയ പങ്കുണ്ട്.
കുടുംബശ്രീ ഉപജീവന സംരംഭങ്ങളില്‍ 60 ശതമാനത്തിലേറെയും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ഉപജീവനം, തൊഴില്‍, സംരംഭകത്വം, ഭക്ഷ്യസുരക്ഷ എന്നിവയെ പിന്തുണയ്ക്കുന്നതിനും മൃഗസംരക്ഷണ രംഗത്തെ ഉല്‍പ്പാദനക്ഷമത, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍വകലാശാലയ്ക്ക് ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.

നൂതന ഗവേഷണങ്ങള്‍ അനിവാര്യം

ഉയര്‍ന്ന ഗുണമേന്മയുള്ള കാലിത്തീറ്റ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം, നൂതനമായ ഫാം മാനേജ്മെന്റ് രീതികള്‍ക്കുള്ള ആശയങ്ങള്‍ എന്നിവയും കാലത്തിന്റെ അനിവാര്യതയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മൃഗസംരക്ഷണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍ തുടങ്ങിയവ നിരന്തരമായ ശ്രദ്ധ അര്‍ഹിക്കുന്നു. താപ സഹിഷ്ണുത കുറഞ്ഞ 95 ശതമാനം സങ്കരയിനം കന്നുകാലികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ഇതിനിടയില്‍ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ ബ്രീഡ് കന്നുകാലികള്‍ ആശ്വാസമാണ്. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കാലാവസ്ഥാ നിയന്ത്രിത ചേംബര്‍ സൗകര്യങ്ങള്‍ ഈ സാഹചര്യങ്ങളില്‍ പുതിയ പ്രതീക്ഷകളാണ്. ഇനിയുമുള്ള ഗവേഷണങ്ങള്‍ അനിവാര്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ നട്ടെല്ലായി മാറുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍ ബിരുദധാരികള്‍ സംരംഭകരായി മാറുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിക്ക് പ്രശസ്ത സര്‍വ്വകലാശാലകളുമായി കൂടുതല്‍ അന്താരാഷ്ട്ര പങ്കാളിത്തം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.
വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണ്ണമെഡലുകളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിതരണം ചെയ്തു. സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍കൂടിയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ്, ഐ.സി.എ.ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആനിമല്‍ സയന്‍സ് ഡോ.ഭൂപേന്ദ്രനാഥ് ത്രിപാദി തുടങ്ങിയവര്‍ സംസാരിച്ചു. എം.എല്‍.എ മാരായ ഒ.ആര്‍.കേളു, വാഴൂര്‍ സോമന്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
265 പേര്‍ക്കുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 78 പേര്‍ക്ക് ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. 19 പേര്‍ക്കുള്ള ഡോക്ടറേറ്റും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.