മാറുന്ന കാലഘട്ടത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നാടിന്റെ കരുത്താണെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജില്‍ കേരള വെറ്ററിനറി സര്‍വകാലാശാല നാലാമത് ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍വകലാശാല പ്രോ ചാന്‍സിലര്‍ കൂടിയായ മന്ത്രി.
കേരളത്തിലെ മൃഗസംരക്ഷണ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് വേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനപരമായ പങ്കുവഹിക്കുക എന്നതാണ് ഈ സര്‍വ്വകലാശാലയുടെ ഉദ്ദേശലക്ഷ്യം. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ നാടിന്റെ നട്ടെല്ലായിമാറാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നു.
വിജ്ഞാനവും അതിനൊപ്പം വളരുന്ന സാങ്കേതികവിദ്യകളും വികസിതമാകുന്ന വര്‍ത്തമാനകാലത്ത് ശാസ്ത്ര വിദ്യാര്‍ത്ഥിയുടെ പഠനം ബിരുദ സമ്പാദനത്തോടെ അവസാനിക്കുന്നതല്ല. പഠിതാക്കളായും ശാസ്ത്രാന്വേഷികളായും എന്നും തുടരേണ്ടതുണ്ട്. നിരന്തരം അറിവ് നവീകരിച്ച് സമൂഹത്തെ സമ്പന്നമാക്കണമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.