പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി ആറിനെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ ഡയറക്ടറായി നിയമിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചലച്ചിത്ര-നാടക പ്രവർത്തകനും നടനും ആയ ജിജോയ്, പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. വിഖ്യാത ചലച്ചിത്രകാരൻ സയീദ് മിർസയെ ചെയർമാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്ടർ നിയമനം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയർത്താൻ വേണ്ടിയാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് തിയേറ്റർ ആർട്‌സിൽ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് റാങ്കോടെ ഡ്രാമ ആൻഡ് തിയേറ്റർ ആർട്‌സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടി. 55 ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും 10 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നാല് വൻകരകളിലായി 400 അന്താരാഷ്ട്ര നാടകമേളകളിൽ അഭിനേതാവ് എന്ന നിലയിൽ പങ്കാളിയായി. നാലു വർഷക്കാലം സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂർവ്വ വിദ്യാർഥിയാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്‌കോളർഷിപ്പും നേടിയിട്ടുണ്ട് ജിജോയ്. 2014 മുതൽ ശില്പശാലകൾ നയിച്ചതടക്കം അന്താരാഷ്ട്രതലത്തിൽ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം ഇൻസ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കൾക്കും മുതൽക്കൂട്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.