കുറ്റാന്വേഷണ മികവ് കാണിക്കുന്ന കെ 9 സ്‌ക്വാഡിലെ ശ്വാനവീരന്മാർ കാണികളെ ത്രസിപ്പിച്ചു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കോട്ടയം നാഗമ്പടത്ത് ജില്ലാ പൊലീസിലെ ഡോഗ് സ്‌ക്വാഡാണ് ശ്വാന പ്രദർശനം നടത്തിയത്. നിറഞ്ഞ കൈയ്യടിയോടെയും ആകാംക്ഷയുടെയുമാണ് കാണികൾ ശ്വാനസംഘത്തെ സ്വാഗതം ചെയ്തത്.
ബെൽജിയം മേലെനോയിസ് ഇനത്തിൽപെട്ട ഒരു നായയും ലാബ്രഡോർ ഇനത്തിൽപ്പെട്ട അഞ്ച് നായ്ക്കളുമാണ് ഷോയിൽ പങ്കെടുത്തത്. റോക്കി, ജിൽ, അപ്പു, ഗണർ, ഡോൺ, ബെയ്ലി എന്നിവരാണ് ആ ആറുപേർ. ഹാൽറ്റർമാരുടെ കമാൻഡുകൾ കൃത്യമായി അനുസരിച്ചാണ് ശ്വാനസംഘം മികച്ച പ്രകടനം നടത്തിയത്.
കത്തുന്ന വളയത്തിലൂടെ ചാടിയും രണ്ടു കാലിൽ നടന്നും ക്രോസ് വാക്ക് നടത്തിയും പോക്കറ്റിൽ ഒളിപ്പിച്ച നാർക്കോട്ടിക് വസ്തു തിരിച്ചറിഞ്ഞുമെല്ലാം ശ്വാനവീരന്മാർ കാണികളെ ത്രസിപ്പിച്ചു. നാർകോട്ടിക്ക് വസ്തുവിന്റെ ഗന്ധം തിരിച്ചറിയാൻ കഴിവുകളുള്ള നായയാണ് റോക്കിയും, ഡോണും. മനുഷ്യരുടെ ഗന്ധം തിരിച്ചറിയാനും ആളെ കണ്ടെത്താനും കഴിവുള്ള നായയാണ് ജിലും, അപ്പുവും. ബോംബ് പോലെയുള്ള സ്‌ഫോടക വസ്തുക്കൾ തിരിച്ചറിയാൻ കഴിവുള്ള നായയാണ് ബെയിൽ. കൊലപാതകവും കുറ്റകൃത്യവും തെളിയിക്കാൻ മിടുക്കനായ നായയാണ് ഗണർ.