കരുളായി പഞ്ചായത്തിലെ പാണപ്പുഴ പട്ടികവർഗ കോളനിയിൽ കുടിവെള്ളമെത്തിക്കാൻ 1000 മീറ്റർ പൈപ്പുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ കോളനിവാസികൾക്ക് കൈമാറി. മഞ്ചേരി തുറക്കൽ സ്വദേശി പനച്ചിക്കൽ മുഹമ്മദലിയാണ് പൈപ്പുകൾ സൗജന്യമായി നൽകിയത്. നിലവിലുണ്ടായ പൈപ്പുകൾ ആനകൾ നശിപ്പിച്ചതോടെ ഇവർ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരുന്നു.
ദൂരെയുള്ള നീരുറവകളിൽ നിന്ന് കുട്ടിവെള്ളമെത്തിക്കാനുള്ള പ്രയാസം കഴിഞ്ഞ ഡിസംബറിൽ സാക്ഷരതാ മിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങ് മാഞ്ചിരി കോളനിയിൽ നടന്നപ്പോഴാണ് കോളനിവാസികൾ അറിയിച്ചത്.
തുടർന്നാണ് ഇവർക്കുള്ള പൈപ്പുകൾ സജ്ജമാക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സെക്രട്ടറി എസ്.ബിജു, മെമ്പർ ഷമീറ പുളിക്കൽ, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ്, കരുളായി പഞ്ചായത്ത് അംഗങ്ങളായ ഷറഫുദ്ധീൻ കൊളങ്ങര, ഷീബ പൂഴിക്കുത്ത്, സി.കെ അബ്ദുറഹ്‌മാൻ, സുന്ദരൻ കരുവാടൻ, പ്രേരക് സി.എച്ച് ആയിഷ, ഓവർസിയർ റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ ക്ലാസും സംഘം സന്ദർശിക്കുകയും കോളനിവാസികൾക്ക് വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകിയ വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയിച്ച കോളനിയിലെ കുട്ടികളെ അനുമോദിച്ചു. മാഞ്ചീരി, മുണ്ടക്കടവ്, പുലിമുണ്ട, നെടുങ്കയം കോളനികളും സന്ദർശിച്ച് സംഘം വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി.