തീര സദസ്സുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിൽ തീർപ്പാക്കിയത് 43 പരാതികൾ. ഇവയിൽ 24 എണ്ണം പരാതികൾ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും 19 എണ്ണം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്.ആകെ 77 പരാതികളും അപേക്ഷകളുമാണ് തീര സദസ്സുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ഇവയിൽ 33 പരാതികൾ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും 44 എണ്ണം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. CRZ മായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് 17 പരാതികളാണ് ലഭിച്ചത്. ഭൂരഹിത, ഭവന രഹിതർക്ക് ആധാരം നൽകുന്നതുമായി ബന്ധപ്പെട്ട ആറ് പരാതികളും പുനർഗേഹം, കുടിവെള്ള പ്രശ്നം, ഭവന അറ്റകുറ്റപ്പണി, വായ്പ, കടൽഭിത്തി നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളുമാണ് സദസ്സിൽ ലഭിച്ചത്.

തീര സദസിന്റെ ഭാഗമായി  മണ്ഡലത്തിൽ  ഒമ്പത് പേർക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഭാഗമായാണ് ധനസഹായങ്ങൾ വിതരണം ചെയ്തത്. മത്സ്യ തൊഴിലാളികൾക്കുള്ള വിവാഹ ധനസഹായം സി സത്യൻ, വി പി ഹരിദാസൻ , ടി പി സിദ്ദിഖ്, വി റസാഖ്, ടി പി ദിനേശൻ എന്നിവർക്ക് 10,000 രൂപ വീതം 50,000 രൂപയുടെ ധനസഹായം നൽകി. അനുബന്ധ തൊഴിലാളികൾക്കുള്ള വിവാഹ ധനസഹായം എ കെ ലത്തീഫ്, പി റഷീദ് എന്നിവർക്ക് 10,000  വീതവും വിതരണം ചെയ്തു. മത്സ്യ തൊഴിലാളികളുടെ മരണത്തെ തുടർന്ന് ആശ്രിതർക്ക് നൽകുന്ന ധനസഹായം 15,000 രൂപ എൻ കെ ബിന്ദുവിനും അനുബന്ധ തൊഴിലാളികളുടെ ആശ്രിതർക്ക് നൽകുന്ന ധനസഹായ തുകയായ  15,000 രൂപ പി പുഷ്പയ്ക്കും മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ ഏക സജീവ വനിതാ മത്സ്യതൊഴിയായ ധർമ്മടം പഞ്ചായത്തിലെ കെ ശാന്തയെയും ,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 13 മത്സ്യ തൊഴിലാളി കുടുംബാംഗങ്ങളെയും , മത്സ്യ തൊഴിലാളി സംഘങ്ങളെയും ചടങ്ങിന്റെ ഭാഗമായി മന്ത്രി ആദരിച്ചു.