കേരളത്തില്‍ സേവന മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സേനാ സംഘങ്ങളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് ‘സര്‍ഗ്ഗ 2023’ ന്റെ ഭാഗമായി നടന്ന പാസ്സിങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2010 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കര്‍മ്മ പദ്ധതി ഇന്ന് കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത വിദ്യാര്‍ത്ഥി കൂട്ടായ്മയായി മാറി. ജില്ലയിലെ 37 സ്‌കൂളുകളില്‍നിന്നായി 28 പ്ലാറ്റൂണുകളില്‍ 784 വിദ്യാര്‍ത്ഥി കേഡറ്റുകളാണ് മുട്ടില്‍ ഡബ്യു.എം.ഒ കോളേജ് ഗ്രൗണ്ടില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
പൗരബോധം, ലക്ഷ്യബോധം, സാമൂഹ്യ പ്രതിബദ്ധത, സേവനസന്നദ്ധത എന്നീ മൂല്യങ്ങളോടെയുള്ള യുവജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി നടപ്പിലാക്കിയത്.

സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനും ദുരന്തഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും സ്വഭാവ – പെരുമാറ്റ ശീലത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ഥി സമൂഹമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാറി. പോലീസ് കേഡറ്റിന്റെ ഒമ്പതാം ജില്ലാ സമ്മര്‍ ക്യാമ്പാണ് മുട്ടിലില്‍ നടന്നത്. അഞ്ച് ദിവസങ്ങളിലായി നടന്ന സമ്മര്‍ ക്യാമ്പില്‍ സംവാദങ്ങള്‍, ക്ലാസുകള്‍, കലാപരിപാടികള്‍, ക്യാമ്പ് ഫയര്‍ എന്നിവ നടന്നു.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റര്‍ പി.വി. മെയ്തു, പി.ടി.എ പ്രസിഡന്റ് എന്‍.ബി ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.