തീരദേശ പരിപാലന മേഖല (സി ആർ സെഡ്) യിൽ ഭവന നിർമ്മാണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്ന് മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം തീര സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഉപജീവനവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് ഒട്ടേറെ പ്രവർത്തനങ്ങളും പദ്ധതികളും സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. സമഗ്രമായ പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
സി ആർ ഇസഡ്, ഭവന നിർമ്മാണം സംബന്ധിച്ച പ്രതിസന്ധികൾ ഫിഷറീസ് മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. സി ആർ ഇസഡ് പ്ലാൻ പരിഷ്കരിച്ച് പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേരളം മാത്രമാണ് ഇത്തരത്തിൽ സമഗ്ര ഫിഷറീസ് പ്ലാൻ തയ്യാറാക്കിയത്.
തീരദേശത്തിന്റെ എല്ലാ പ്രശ്ങ്ങൾക്കും സർക്കാർ പരിഹാരം കാണും. നിലവിലെ പ്രശ്നങ്ങൾ ആറു മാസത്തിനകം പൂർണമായും പരിഹരിക്കാനുള്ള മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും ജനപ്രതിനിധിളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിലൂടെ അടുത്ത മൂന്ന് വർഷം ഫിഷറീസ് മേഖലയിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് വ്യക്തത വരും. തീരദേശ മേഖലയുടെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കായി വലിയ ഇടപെടലുകൾ സർക്കാർ നടത്തുണ്ട്. 136 കോടി രൂപയുടെ സ്കൂൾ കെട്ടിടങ്ങളാണ് ഫിഷറീസ് വകുപ്പ് കിഫ്‌ബിയുടെ സഹായത്തോടെ ഇതുവരെ നിർമ്മിച്ചത്.
മത്സ്യ ബന്ധനത്തോടൊപ്പം മറ്റൊരു തൊഴിൽ കൂടി മത്സ്യതൊഴിലാളി കുടുംബാംഗങ്ങൾക്ക് ഉണ്ടാകണം. അതിന് വേണ്ട നിരവധി അവസരങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്. അപകടരഹിതമായ മത്സ്യബന്ധനം ഉറപ്പുവരുത്താൻ ആധുനിക സാങ്കേതിക സഹായങ്ങൾ സർക്കാർ നൽകുന്നുണ്ട്. അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ തൊഴിലാളികളെ ബോധവൽക്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗവ. ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. കായിക-വഖഫ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യതിഥിയായി.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സബ്കലക്ടർ സന്ദീപ്കുമാർ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി പി അനിത (തലശ്ശേരി), പി കെ പ്രമീള (എടക്കാട്), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ കെ രവി (ധർമ്മടം), ടി സജിത (മുഴപ്പിലങ്ങാട്), കെ കെ രാജീവൻ (പിണറായി), കെ പി ലോഹിതാക്ഷൻ (അഞ്ചരക്കണ്ടി), കെ ഗീത (വേങ്ങാട്), പി വി പ്രേമവല്ലി (കടമ്പൂർ), എ വി ഷീബ (പെരളശ്ശേരി), കെ ദാമോദരൻ (ചെമ്പിലോട്), ജില്ലാപഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രൻ, കെ വി ബിജു, ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫർസാന ടീച്ചർ, അംഗങ്ങളായ ബൈജു നങ്ങാരത്ത്, പി സീമ, ടി വി റോജ, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ സജി എം രാജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തീരദേശ ജനതയുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ അടിയന്തിര പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് തീര സദസ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ജനപ്രതിനിധികളുമായുള്ള ചർച്ചയും നടന്നു